ഇന്ത്യ-കാനഡ ബന്ധത്തില്‍ നിര്‍ണായകമായി ട്രൂഡോയുടെ രാജി

കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യ-കാനഡ ബന്ധം തകര്‍ച്ചയിലാണ്. ഖലിസ്ഥാൻ വിഘടനവാദിയായ ഹർദീപ് സിംഗ് നിജ്ജാര്‍ 2023 സെപ്റ്റംബറിൽ നഡയില്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ-കാനഡ ബന്ധം ഉലയുന്നത്. വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണമാണ് ബന്ധത്തില്‍ അസ്വാരസ്യം സൃഷ്ടിച്ചത്.

പരസ്പരം നയതന്ത്രജ്ഞരെ പുറത്താക്കിയതോടെ ബന്ധത്തിന്റെ തകര്‍ച്ചയും പൂര്‍ണമായി. ഇതിനിടയിലാണ് ഇന്ത്യയ്ക്ക് എതിരെ കടുത്ത ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ദിവസം രാജിവച്ചത്. ലിബറൽ പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം തന്നെ കാവല്‍ പ്രധാനമന്ത്രിയായി തുടരും. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ സംഭവിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാനും ബന്ധം മെച്ചപ്പെടുത്താനുമുള്ള അവസരമായാണ്‌ ഈ ഘട്ടം പൊതുവേ വീക്ഷിക്കപ്പെടുന്നത്.

10 വർഷത്തെ ഭരണത്തിന് ശേഷം ലിബറല്‍ പാര്‍ട്ടി തോല്‍ക്കുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്. പിയറി പൊയിലീവ്രെയുടെ നേതൃത്വത്തിലുള്ള കൺസർവേറ്റീവുകൾ അധികാരത്തിൽ വരുമെന്നാണ് കാനഡയിലെ കണക്കുകൂട്ടല്‍. ഇതോടെ ബന്ധം മെച്ചമാക്കാനാകുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ട്രൂഡോ അടിച്ചേല്‍പ്പിച്ച വിസ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കാരണം കഷ്ടപ്പെടുകയാണ്.

2013ലാണ് ട്രൂഡോ ലിബറൽ പാർട്ടിയുടെ നേതാവാകുന്നത്, 2015 ൽ പ്രധാനമന്ത്രിയുമായി. ട്രൂഡോ യുഗം കഴിഞ്ഞു എന്ന വിലയിരുത്തലിലാണ് ഇന്ത്യ. അതനുസരിച്ചുള്ള നയതന്ത്ര നീക്കങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.