എരുമേലി ∙ തീർഥാടനത്തിരക്ക് ഏറിയതോടെ പകൽ സമയങ്ങളിലും പട്ടണം കുരുങ്ങുന്നു. തീർഥാടക വാഹനങ്ങളുടെ എണ്ണം വർധിച്ചതാണ് നഗരത്തിലെ തിരക്കിനു കാരണം. നഗരത്തിൽ എത്തുന്ന സ്വകാര്യ ബസുകളും സ്വകാര്യ വാഹന യാത്രക്കാരുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. കാഞ്ഞിരപ്പള്ളി – എരുമേലി റോഡ്, എരുമേലി പേട്ടതുള്ളൽ പാത, എരുമേലി – മുണ്ടക്കയം റോഡ് എന്നിവിടങ്ങളിലാണ് തീർഥാടക വാഹനത്തിരക്ക് ഏറെ അനുഭവപ്പെടുന്നത്. തിരക്കുള്ള സമയങ്ങളിൽ പേട്ടക്കവലയിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്.