ദുരൂഹസമാധി; കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്നനിലയില്‍ ഗോപന്‍സ്വാമിയുടെ മൃതദേഹം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ ‘സമാധി’യിടം തുറന്നു. വിവാദകല്ലറയ്ക്കുള്ളിൽ ഗോപൻസ്വാമിയുടെ മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളിൽ ഇരിക്കുന്നനിലയിലാണ് ഗോപൻസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലറയിൽ ഭസ്മവും പൂജാദ്രവ്യങ്ങളുമുണ്ട്. കല്ലറയ്ക്കുള്ളിൽ മൃതദേഹത്തിൻ്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു.

കഴിഞ്ഞദിവസം ഹൈക്കോടതിയില്‍നിന്ന് നിര്‍ദേശം ലഭിച്ചതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ തന്നെ സമാധിയിടം തുറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. പ്രദേശത്ത് പോലീസിന്റെ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ സമാധിയിടം നിലനില്‍ക്കുന്നസ്ഥലം പോലീസ് കാവലിലാണ്. ഇവിടേക്ക് പോലീസിനും ഉദ്യോഗസ്ഥര്‍ക്കും മാത്രമേ പ്രവേശനമുള്ളൂ. സമാധിയിടം മറച്ചിട്ടുമുണ്ട്. രാവിലെ ഏഴുമണിയോടെ സബ് കളക്ടര്‍ ആല്‍ഫ്രഡ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആളുകള്‍ സ്ഥലത്ത് വരുന്നതിനും പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്താല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. ഇതിനുപിന്നാലെ പോസ്റ്റ്‌മോര്‍ട്ടവും നടക്കും. സമാധിയിടം പൊളിക്കുന്നതിനെതിരേ കുടുംബം നല്‍കിയ റിട്ട് ഹര്‍ജിയില്‍ ബുധനാഴ്ച ഹൈക്കോടതിയില്‍നിന്ന് അനുകൂല നിലപാടുണ്ടായിരുന്നില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ്, അതിയന്നൂര്‍ കാവുവിളാകത്ത് സിദ്ധന്‍ ഭവനില്‍ ഗോപന്‍ സ്വാമി എന്നു നാട്ടുകാര്‍ വിളിക്കുന്ന മണിയന്‍ സമാധിയായെന്ന് വീട്ടുകാര്‍ പോസ്റ്റര്‍ പതിപ്പിച്ച് നാട്ടുകാരെ അറിയിച്ചത്. വ്യാഴാഴ്ച വലിയതോതില്‍ പ്രതിഷേധമുയരില്ലെന്നാണ് പോലീസ് കരുതുന്നത്. ശക്തമായ പോലീസ് കാവല്‍ കാവുവിളാകത്തുണ്ട്. വീട്ടുകാരെ പോലീസിന്റെ സുരക്ഷാ കസ്റ്റഡിയിലുമാക്കും.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മണിയന്റെ മകന്റെ ഭാര്യയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കൊപ്പം മണിയന്റെ ഭാര്യ സുലോചനയും മകന്‍ രാജസേനനുമുണ്ട്. പോലീസ് ഇവര്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടിലും കോണ്‍ക്രീറ്റ് അറയ്ക്കു സമീപവും പോലീസ് കാവലുണ്ട്.