കൊല്ലം: കുണ്ടറയില്‍ പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛന്‍ കുറ്റക്കാരനാണെന്ന് കോടതി. കൊട്ടാരക്കര അതിവേഗ കോടതിയുടേതാണ് വിധി. പ്രതിയുടെ ശിക്ഷ ഉച്ചയ്ക്ക് ശേഷം കോടതി പ്രസ്താവിക്കും. പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പൊലീസ് ആദ്യഘട്ടത്തില്‍ ഇത് അവഗണിച്ചിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പീഡനത്തിന്റെ ഉത്തരവാദിത്തം കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവെക്കാനും മുത്തച്ഛന്‍ ശ്രമിച്ചിരുന്നു.
എന്തെങ്കിലും വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് വീട്ടുകാരെ പ്രതിയായ മുത്തച്ഛൻ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ പിതാവ് മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് അടക്കം നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വീണ്ടും അന്വേഷണം നടത്തിയത്. കൊല്ലം എസ്പിയുടേയും കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറിന്റെയും ജാഗ്രതയോടെയുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ വിക്ടറിന്റെ പങ്ക് പൊലീസിനു മുന്നിൽ വെളിപ്പെടുത്തിയത് പ്രതിയുടെ ഭാര്യയും ഇരയുടെ മുത്തശ്ശിയുമായ ലതാ മേരിയാണ്. എന്നാൽ വിക്ടർ പേരക്കുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ലതാമേരിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.