സഹപാഠിയുടെ ആത്മഹത്യ ആഘോഷമാക്കുന്നവര്‍; പശ്ചാത്താപം ഇല്ലാത്തതെന്ത്?

നമ്മുടെ കുട്ടികൾ തെറ്റുചെയ്തിട്ടും അവർക്ക് പശ്ചാത്താപം തോന്നാത്തത് എന്തുകൊണ്ട് ?

പതിനഞ്ചുവയസുകാരൻ മിഹിർ അഹമ്മദിന്റെ ആത്മഹത്യ ദേശീയതലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. കടുത്ത ബുള്ളിയിങ്, ബോഡി ഷെയിമിങ്, റാഗിങ്ങ് എന്നീ കുറ്റകൃത്യങ്ങൾക്ക് മിഹിർ ഇരയായെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പിന്നീട്, മിഹിറിനെ ഉപദ്രവിച്ചവരുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ച ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ആരെയും ഞെട്ടിക്കുന്നതാണ്. ഒരു സഹപാഠിയുടെ ആത്മഹത്യയെപ്പോലും ആഘോഷമാക്കുകയും നിസാരവത്കരിക്കുകയും ചെയ്യുന്ന കുറെ കൗമാരക്കാരെയാണ് നാമതിൽ കാണുന്നത്. അവരുടെ വാക്കുകളിൽ തെല്ലും കുറ്റബോധമില്ലെന്ന യാഥാർഥ്യം ഒരു സമൂഹമെന്ന നിലയിൽ നമ്മെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നത് ഗുരുതരമായ കുറ്റകൃത്യ പ്രവണതയെയാണ് സൂചിപ്പിക്കുന്നത്. മിഹിറിന് സംഭവിച്ചതുപോലെയുള്ള പീഡനങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ നാം ഇനിമുതൽ ചിലതെല്ലാം ശ്രദ്ധിച്ചേ മതിയാകൂ. എന്തുകൊണ്ടാണ് വളരെ ചെറുപ്പത്തിലേ ചിലരിൽ ഇങ്ങനെയൊരു മനോഭാവം രൂപപ്പെടുന്നതെന്ന് അന്വേഷിക്കുകയാണ് ഈ ലേഖനത്തിൽ.

കുഞ്ഞുമനസ്സിലെ കുറ്റവാസനയ്ക്ക് പിന്നിൽ

മറ്റുള്ളവർ കടന്നുപോകുന്ന അവസ്ഥകൾ മനസ്സിലാക്കാനുള്ള മനുഷ്യന്റെ കഴിവാണ് എമ്പതി അഥവാ സഹാനുഭൂതി. സഹാനുഭൂതിയില്ലാതെ വളരുന്ന കുട്ടികൾക്ക് മറ്റുള്ളവരുടെ വേദനകൾ മനസ്സിലാക്കാൻ കഴിയില്ല. പലപ്പോഴും അവർ ഉപദ്രവിക്കുന്ന കൂട്ടുകാരെ മനുഷ്യരായല്ല, വിനോദത്തിനുള്ള ഉപകരണങ്ങളായിട്ടായിരിക്കും കാണുക. സോഷ്യൽ മീഡിയയിൽ ബുള്ളിയിങ്ങും പ്രാങ്കുകളും ചെയ്യുന്ന വീഡിയോകൾ പലപ്പോഴും ട്രെൻഡിങ് ആകാറുണ്ട്. ഇതെല്ലാം കുട്ടികളുടെ മനസിനെ തെറ്റായ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. മറ്റുള്ളവരെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നത് നോർമൽ ആണെന്ന ഒരു ധാരണ ഈ വീഡിയോകൾ സൃഷ്ടിക്കുന്നു. സഹപാഠികളുടെയോ സമപ്രായക്കാരായ സുഹൃത്തുക്കളുടെയോ ഇടയിൽ ഒരു സ്ഥാനം കണ്ടെത്താനും അവർക്കിടയിൽ അംഗീകാരം നേടാനും ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന കുട്ടികളുമുണ്ട്. ഗ്രൂപ്പ് മെന്റാലിറ്റി, പിയർ പ്രെഷർ എന്നൊക്കെയാണ് അതിനെ വിളിക്കാറുള്ളത്. ഇത്തരം ഗ്രൂപ്പുകളിൽ അകപ്പെട്ടുകഴിഞ്ഞാൽ ധാർമ്മികമായ അതിർവരമ്പുകൾ മായുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന ചിന്തകൾ ഉണ്ടാവുകയും ചെയ്യും. ഇതിനെല്ലാം പുറമെയാണ് നിറയെ വയലൻസ് രംഗങ്ങളുള്ള ഗെയിമുകളുടെയും സിനിമകളുടെയും സ്വാധീനം. വാർത്തകളിൽ കാണുന്ന അക്രമസംഭവങ്ങൾ വരെ നമ്മളറിയാതെ കുട്ടികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. കടുത്ത അപകർഷതാബോധമുള്ളവരും മുൻകാല ദുരനുഭവങ്ങളുടെ ട്രോമകൾ പേറുന്ന കുട്ടികളും ജീവിതത്തിൽ തനിക്ക് ചില കാര്യങ്ങളിലെങ്കിലും നിയന്ത്രണമുണ്ടെന്ന് സ്ഥാപിക്കാൻ ഇത്തരം കുറ്റവാസനകൾ പ്രകടിപ്പിക്കാറുണ്ട്. മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് അവഗണന നേരിടുന്ന കുട്ടികൾ, എന്തിനും ഏതിനും കർശന നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടുന്നവർ, സ്വന്തം വീട്ടിൽ നിന്ന് സ്നേഹവും സഹാനുഭൂതിയും കിട്ടാതെ വളരുന്ന കുട്ടികൾ എന്നിവരിലും ഇത്തരം പെരുമാറ്റപ്രശ്നങ്ങൾ കാണാറുണ്ട്.

കുട്ടികളിൽ സഹാനുഭൂതി വളർത്താം

ഇത്തരം അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കുട്ടികളിൽ ചെറുപ്പത്തിലേ ധാർമിക മൂല്യങ്ങളും പൗരബോധവും വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിൽ മാതാപിതാക്കൾക്ക് വലിയ പങ്കാണുള്ളത്. സ്വന്തം ജീവിതത്തിൽ നടക്കുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും അച്ഛനോടും അമ്മയോടും പേടിയില്ലാതെ തുറന്നുസംസാരിക്കാനുള്ള ഇടം വീട്ടിലുണ്ടാവണം. മറ്റുള്ളവരോട് ദയ കാണിക്കാനും എല്ലാവരെയും ബഹുമാനിക്കാനും പഠിപ്പിക്കണം. മനമ്മളോട് മോശമായി പെരുമാറുന്നവരോട് അകലം പാലിക്കാനുള്ള വഴികളും പറഞ്ഞുകൊടുക്കണം. ഇന്റർനെറ്റ് ഉപയോഗത്തിന് ആരോഗ്യകരമായ പരിധികൾ നിർണയിക്കണം. കുട്ടികൾക്ക് ഇഷ്ടമുള്ള മറ്റ് ഹോബികളോ കഴിവുകളോ കണ്ടെത്തി, അവയെ പിന്തുടരാൻ പ്രോത്സാഹിപ്പിക്കാം. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ നിന്ന് ജീവിതത്തെ നോക്കിക്കാണാൻ അവരെ പ്രേരിപ്പിക്കാം. മാതാപിതാക്കൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്ന് നിരീക്ഷിച്ചാണ് കുട്ടികൾ വളരുന്നത്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പോസിറ്റീവായ രീതിയിൽ അവയെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മാതാപിതാക്കളിൽ നിന്നുവേണം കുട്ടികൾ കണ്ടുപഠിക്കാൻ.

കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്നത് സ്‌കൂളുകളിൽ ആയതുകൊണ്ട്, അധ്യാപകർക്കും ഇക്കാര്യത്തിൽ ചില ഉത്തരവാദിത്തങ്ങളുണ്ട്. ക്ലാസ്സിൽ അക്രമവാസനയോ ബുള്ളിയിങ്ങോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കൗൺസലിംഗ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം. ബുള്ളിയിങ്ങിനോ റാഗിങിനോ ഇരയായ കുട്ടികൾക്ക് ഭയമില്ലാതെ അധികൃതരോട് പരാതിപ്പെടാനുള്ള സംവിധാനം എല്ലാ സ്‌കൂളുകളിലും ഉണ്ടായിരിക്കണം. സ്‌കൂളുകളിൽ റാഗിങ്ങിനെതിരെ ശക്തമായ ചട്ടങ്ങൾ ഉണ്ടാകണം. ഇത്തരം പ്രവണതകൾ ആരോഗ്യകരമായ നിലയിൽ ശിക്ഷിക്കപ്പെടണം. പരസ്പരസഹകരണവും സൗഹൃദവും നിറയുന്ന അന്തരീക്ഷം സ്‌കൂളുകളിൽ ഒരുക്കിനൽകണം. കുട്ടികളുടെ മാനസികാരോഗ്യത്തിനും വൈകാരികബുദ്ധിയുടെ വളർച്ചയ്ക്കും വേണ്ടി ശില്പശാലകൾ സംഘടിപ്പിക്കാം. വ്യത്യസ്തരായ എല്ലാ കുട്ടികൾക്കും സുരക്ഷയും സന്തോഷവും ലഭിക്കുന്ന ഇടങ്ങളായി നമ്മുടെ സ്‌കൂളുകൾ മാറട്ടെ.

തയ്യാറാക്കിയത് : അശ്വനി അനിൽകുമാർ, സൈക്കോളജിസ്റ്റ് , എബിഎ തെറാപിസ്റ്റ് , പ്രയത്‌ന, കൊച്ചി