നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം റേസിങ് ട്രാക്കിലേക്ക് വമ്പന്‍ തിരിച്ചുവരവാണ് തമിഴ് താരം അജിത് കുമാര്‍ നടത്തിയത്. അപ്രതീക്ഷിതമായുണ്ടായ അപകടത്തിലും പതറാതെ 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തില്‍ അജിത് മൂന്നാമതായി ഫിനിഷ് ചെയ്തു. സിനിമാരംഗത്തെ താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ അഭിനന്ദനപ്രവാഹവുമായി രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ താരത്തിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍നായകന്‍ കമല്‍ഹാസന്‍.
‘കന്നി മത്സരത്തില്‍ തന്നെ അജിത് കുമാർ റേസിങ് ടീം അസാധാരണ നേട്ടം കരസ്ഥമാക്കിയിരിക്കുന്നു. തന്റെ പാഷനില്‍ പുതിയ കൊടിമുടികള്‍ തീര്‍ക്കുന്ന അജിത്തിനെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കും ആവേശം തോന്നുന്നു. ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട്ട്‌സിലെ സുപ്രധാനവും അഭിമാനകരവുമായ നിമിഷമാണിത്’, കമല്‍ഹാസന്‍ എക്‌സില്‍ കുറിച്ചു.
ഇന്ത്യയിലും വിദേശത്തുമായി നടന്ന വിവിധ റേസിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ അജിത് മത്സരിച്ചിട്ടുണ്ട്. 2003-ലെ ഫോര്‍മുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും മുഴുവന്‍ സീസണും പൂര്‍ത്തിയാക്കുകയും ചെയ്തു. 2004-ല്‍ ബ്രിട്ടീഷ് ഫോര്‍മുല 3-ല്‍ പങ്കെടുത്തെങ്കിലും ജോലി സംബന്ധമായ കാര്യങ്ങളുണ്ടായിരുന്നതിനാല്‍ സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കുറച്ചുകാലം കാത്തിരുന്ന് പിന്നീട് 2010-ല്‍ യൂറോപ്യന്‍ ഫോര്‍മുല 2 സീസണില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ അപ്പോഴും സിനിമയുമായി ബന്ധപ്പെട്ട് കുറച്ച് മത്സരങ്ങളില്‍ മാത്രമേ താരത്തിന് പങ്കെടുക്കാനായുള്ളൂ.റേസിങ് താരം മാത്രമല്ല, ‘അജിത് കുമാര്‍ റേസിങ്’ എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് ഇപ്പോള്‍ താരം. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയക്‌സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരോടൊപ്പം കടുത്ത മത്സരം നടക്കുന്ന പോര്‍ഷെ 991 ക്ലാസിലാണ് അജിത് മത്സരിച്ചത്.