തുടര്‍ച്ചയായി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് ആക്ഷേപം; ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പരാതി നല്‍കി

പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പരാതി നല്‍കി. കൊച്ചി സെന്‍ട്രല്‍ പോലീസിലാണ് പരാതി നല്‍കിയത്. തുടര്‍ച്ചയായി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തന്നെയും തന്റെ കുടുംബത്തെയും നിരന്തരം അപമാനിച്ചുവെന്നാണ് ഹണി റോസിന്റെ ആക്ഷേപം.
പരാതി നല്‍കിയ വിവരം ഹണി റോസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരേ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരേ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരേയുള്ള പരാതികള്‍ പുറകേയുണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു.

തനിക്ക് നേരിട്ട അപമാനം തുറന്നുപറഞ്ഞ നടി ഹണി റോസിനെതിരെ തുടരെ സൈബർ ആക്രമണം വന്നിരുന്നു. തന്നെ ഒരാൾ പലവേദികളിലും തുടർച്ചയായി അപമാനിച്ചുവെന്ന് പറഞ്ഞാണ് നടി രംഗത്തുവന്നത്. കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന നിഗമനത്തിലാണ് ഉടനടി പരാതി നൽകാനുള്ള തീരുമാനത്തിലേക്ക് താരം എത്തിയത്. നേരിട്ടും മാധ്യമങ്ങൾ വഴിയും നിരന്തരം അപമാനിക്കുന്ന ഒരാൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കൊണ്ട് നടി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

“പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമായി ഞാൻ പോകുന്ന മറ്റ് പരിപാടികളിൽ എത്തി അവിടെയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറുന്നു”. ഇതായിരുന്നു ചുരുക്കം. ഇതിൻ്റെ കമൻ്റുകളിലൂടെയും മറ്റും അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ ആണ് ആദ്യം പരാതി നല്‍കിയത്.