ബെംഗളൂരു: സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ കബളിപ്പിച്ച് ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് ഉത്തർപ്രദേശ് സ്വദേശി ജീവനൊടുക്കി. ഗാസിപുർ സ്വദേശി അഭിഷേക് സിങിനെ(40) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ മംഗലൂരുവിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീവനൊടുക്കുന്നതിന് മുമ്പ് തന്റെ മരണത്തിന് സിഐഎസ്എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മോണിക്ക സിഹാഗ് ആണ് ഉത്തരവാദിയെന്ന് ആരോപിച്ചുകൊണ്ട് അഭിഷേക് സാമൂഹികമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചു. വിവാഹിതയാണെന്ന് മറച്ചുവെച്ചുകൊണ്ട് ഇവർ താനുമായി ബന്ധത്തിലേർപ്പെട്ടുവെന്നാണ് ആരോപണം.
ഇദ്ദേഹത്തെ മാനസികമായും ശാരീരികമായും യുവതി ചൂഷണംചെയ്തതായി വീഡിയോയിൽ പറയുന്നു. എട്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തന്നിൽ നിന്ന് തട്ടിയെടുത്തു. ഒന്നിലധികം ആളുകളുമായി ഇവർക്ക് ബന്ധമുണ്ടെന്നും അഭിഷേക് വീഡിയോയിൽ ആരോപിക്കുന്നു.
ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അഭിഷേക് ഒരു എക്സിബിഷനിൽ പങ്കെടുക്കുന്നതിനാണ് മംഗളൂരുവിൽ എത്തിയത്. സംഭവത്തിൽ, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.