മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങളും ആരോഗ്യപ്രശ്‌നങ്ങളും

ഡോ. ജോസഫ്സണ്ണി കുന്നശേരി

മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ആരോഗ്യസംബന്ധമായ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ലോകത്ത് ജനിക്കുന്ന കുഞ്ഞുങ്ങളിൽ 10% മാസം തികയാതെ പിറക്കുന്നവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. 2020ൽ മാത്രം 1.34 കോടി കുഞ്ഞുങ്ങളാണ് ഇങ്ങനെ മാസം തികയാതെ പിറന്നത്. 2019ൽ ഇക്കാരണത്താൽ 9 ലക്ഷം കുഞ്ഞുങ്ങൾ മരിച്ചു. അതിജീവിച്ച കുട്ടികൾ പലർക്കും പിന്നീട് പലവിധ ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. പഠനവൈകല്യങ്ങൾ, കാഴ്ച, കേൾവി സംബന്ധിച്ച പ്രശ്നങ്ങൾ, വൈകല്യങ്ങൾ എന്നിവ അവയിൽ ചിലതാണ്.

അമ്മയിലുണ്ടാകുന്ന അണുബാധ, പ്രമേഹം, രക്താതിസമ്മർദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളാൽ പ്രസവം നേരത്തേയാകാറുണ്ട്. എന്നാൽ വ്യക്തമായ ഒരു കാരണവുമില്ലാതെയും മാസം തികയാതെ പ്രസവം സംഭവിക്കാം. പാരമ്പര്യവും ജനിതക കാരണങ്ങളും ഗർഭകാലത്ത് ആവശ്യത്തിന് പരിചരണം ലഭിക്കാത്തതും പ്രസവം നേരത്തേയാകാൻ കാരണമാണ്.

പ്രശ്നങ്ങൾ പലത്

മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ശരീരത്തിന്റെ താപനില സ്വയം നിയന്ത്രിക്കാനുള്ള ശേഷിക്കുറവ് സാധാരണയായി കണ്ടുവരുന്നുണ്ട്. ശരീരതാപനില ക്രമാതീതമായി കുറയുന്ന ഹൈപോ തെർമിയ പോലെയുള്ള പ്രശ്നങ്ങൾക്ക് ഇത് കാരണമാകാം.

മുലപ്പാൽ വലിച്ചെടുക്കാനും കുടിച്ചിറക്കാനുമുള്ള ശേഷിയില്ലാത്തതും കണ്ടുവരുന്നു. ശ്വാസകോശ വളർച്ച പൂർത്തിയായിട്ടില്ലെങ്കിൽ ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. രോഗപ്രതിരോധശേഷി കുറവായതിനാൽ അപകടകരമായ അസുഖങ്ങൾക്കും അണുബാധയ്ക്കും സാധ്യതയുണ്ട്. കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനുമുള്ള ശേഷിക്കുറവ്, വളർച്ചാഘട്ടങ്ങളിലെ താമസം, ശ്രദ്ധക്കുറവും ഹൈപ്പർ ആക്ടിവിറ്റിയും (എഡിഎച്ച്ഡി), കുറഞ്ഞ ഐക്യൂ എന്നിവയും ചിലരിൽ കാണാം. ഇത്തരം കുട്ടികൾ ജനിക്കുമ്പോൾ തന്നെ, ഒക്യുപ്പേഷണൽ തെറാപ്പി ലഭ്യമാക്കിയാൽ പ്രശ്നങ്ങൾക്ക് കാര്യമായ പരിഹാരം കാണാനാവും. വളരുന്തോറും ഈ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനും ബുദ്ധിശക്തിയെയും ചലനശേഷിയെയും പോഷിപ്പിക്കാനുമാവും.

തെറാപ്പിയുടെ പ്രാധാന്യം

മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്ക് സഹായമാകാൻ വൈദ്യശാസ്ത്രമേഖലയിൽ നിരവധി മാർഗങ്ങളുണ്ട്. ഒക്യുപ്പേഷണൽ തെറാപ്പി, ഫിസിക്കൽ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ ഉദാഹരണം. തുടക്കത്തിൽ മികച്ച ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റിന്റെ സഹായം ലഭിച്ചാൽ ഗുണങ്ങളേറെയുണ്ട്. പേശികളുടെ ചലനശേഷിയും പ്രതികരണശേഷിയും വർധിപ്പിക്കാനുള്ള ലഘു വ്യായാമങ്ങൾ. വായുടെ ഭാഗത്തെ പേശികളുടെ ചലനത്തെ ഉത്തേജിപ്പിച്ചാൽ കുഞ്ഞിന് സ്വന്തമായി മുലപ്പാൽ വലിച്ചെടുക്കാനുള്ള കഴിവ് ലഭിക്കും. തുടർന്ന് ഖരരൂപത്തിലുള്ള ഭക്ഷണത്തിലേക്ക് സുരക്ഷിതമായി മാറാനും ഒക്യുപ്പേഷണൽ തെറാപ്പി സഹായിക്കും.

സ്പർശനത്തിലൂടെയും ശബ്ദത്തിലൂടെയുമുള്ള സംവേദനവും പ്രതികരണവും കുറവുള്ള കുട്ടികളിൽ, അതിനുള്ള ശേഷി വികസിപ്പിച്ചെടുക്കാനുമാവും. കുട്ടികൾ നേരിടുന്ന സമ്മർദങ്ങളും വെപ്രാളവും അകറ്റി മനസ്സ് ശാന്തമാക്കാനുള്ള വഴികളുമുണ്ട്. അമ്മയും കുഞ്ഞുമായുള്ള ഇഴയടുപ്പം വളർത്തി, അവർക്കിടയിലെ വൈകാരിക ബന്ധം കൂടുതൽ ആരോഗ്യകരമാക്കാം. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടവും കൃത്യമായി നിരീക്ഷിച്ച് അതത് സമയത്ത് ആവശ്യമായ ഇടപെടലുകളിലൂടെ കൂടുതൽ ശേഷികൾ വികസിപ്പിച്ചെടുക്കാം. സെറിബ്രൽ പാൾസി പോലെയുള്ള പ്രശ്നങ്ങളുള്ളവർക്ക് പലതരത്തിൽ ഒക്യുപ്പേഷണൽ തെറാപ്പി സഹായകരമാകും.

(സീനിയർ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റാണ് ലേഖകൻ)