കൊട്ടിയം (കൊല്ലം): ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പില്‍ വയോധികന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. മാതൃഭൂമി ഏജന്റ് കൊട്ടിയം തെക്കേതട്ടാരുവിള വീട്ടില്‍ ജി.ബാബുവിന്റെ (65) മൃതദേഹമാണ് കണ്ടെത്തിയത്. കൊട്ടിയം-മയ്യനാട് റോഡില്‍ സര്‍ക്കാരിന്റെ ട്രാന്‍സിസ്റ്റ് ഹോമിന് എതിര്‍വശത്ത് ബുധനാഴ്ച 11 മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ബാബു വീട്ടില്‍നിന്നു പുറത്തുപോയത്. പിന്നീട് ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ പത്രവിതരണം നടത്തിയ ഇദ്ദേഹം ഒന്‍പതരയോടെ വീട്ടിലെത്തി വിശ്രമിച്ച ശേഷം പത്രത്തിന്റെ വരിസംഖ്യ ശേഖരിക്കുന്നതിന് പുറത്തുപോയിരുന്നു. സ്‌കൂട്ടറില്‍ പുറപ്പെട്ട ബാബു കൊട്ടിയം ജങ്ഷനടുത്തുള്ള ജന്‍ധന്‍ മെഡിക്കല്‍ സ്റ്റോറിന് സമീപം സ്‌കൂട്ടര്‍ വെച്ച ശേഷം നടന്നാണ് പിരിവിന് പോയത്. വൈകീട്ട് മൂന്നോടെ വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും സ്‌കൂട്ടറിന്റെ താക്കോല്‍ നഷ്ടപ്പെട്ടിരുന്നു. താക്കോല്‍ തിരക്കി വീണ്ടും പുറത്തുപോയ ബാബു പിന്നീട് മടങ്ങിയെത്തിയില്ല. രാത്രി വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പുലര്‍ച്ചെ പത്രക്കെട്ടുകള്‍ വരുന്ന സമയം മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും വന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാവിലെ കൊട്ടിയത്തെ ബാങ്കില്‍ പത്രം നല്‍കിയ ശേഷം നടന്നുവരുകയായിരുന്ന ഭാര്യയാണ് വീടിനടുത്ത് ആള്‍ത്താമസമില്ലാതെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വീടിനോട് ചേര്‍ന്ന് മൃതദേഹം കണ്ടത്. വീട്ടിലെത്തിയ ശേഷം ആശുപത്രി ജീവനക്കാരനായ മകനെ വിളിച്ചുവരുത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. കൊട്ടിയം പോലീസെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. അനിതയാണ് ഭാര്യ. മക്കള്‍: നിബിന്‍ ബാബു (ഹോളിക്രോസ് ആശുപത്രി, കൊട്ടിയം), നിബു ബാബു (പ്രാഥമികാരോഗ്യകേന്ദ്രം, മറവന്‍ചിറ, അഞ്ചല്‍).
ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പില്‍ പത്രം ഏജന്റിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍; ദുരൂഹത
