തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ കണ്ടെത്തി. വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തിന് അരികിലാണ് ആന ഉള്ളത്. മുറിവേറ്റ കൊമ്പന്റെ അരികില്‍ മറ്റൊരു ആന കൂടി ഉണ്ട്. ഇത് വെല്ലുവിളിയാണ്. മുറിവേറ്റ കൊമ്പനെ ഒറ്റയ്ക്ക് കിട്ടിയാല്‍ മാത്രം മയക്കുവെടിവെച്ച് നിയന്ത്രണത്തിലാക്കാനാണ് ദൗത്യസംഘത്തിന്റെ നീക്കം. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ മയക്കുവെടിവെച്ച് ആനയെ പിടികൂടാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം. കുങ്കിയാന നില്‍ക്കുന്ന സ്ഥലത്തേയ്ക്ക് ആനയെ എത്തിക്കാനാണ് ദൗത്യസംഘത്തിന്റെ ആദ്യ ശ്രമം.
വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് സ്ഥലത്തുള്ളത്. മയക്കുവെടി നല്‍കി കൊമ്പനെ കോടനാട് ആനകൂട്ടിലെത്തിച്ച് ചികിത്സ നല്‍കാനാണ് നീക്കം. ഇതിനായി കൊമ്പനെ വരുതിയിലാക്കാന്‍ രണ്ട് കുങ്കി ആനകളെയാണ് അതിരപ്പിള്ളിയിലെത്തിച്ചത്.
ജനുവരി 24ന് കൊമ്പന് മയക്കുവെടി വച്ച് ചികിത്സ നല്കിയിരുന്നു. എന്നാല്‍ മുറിവ് ഭേദമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും മയക്കുവെടി വച്ച് കോടനാടുള്ള ആനകൂട്ടിലെത്തിച്ച് ചികിത്സ നല്‍കാനൊരുങ്ങുന്നത്. പ്ലാന്റേറേഷന്‍ കോര്‍പറേഷന്റെ വെറ്റിലപ്പാറ ചെക്‌പോസ്റ്റില്‍ ഇന്നും നിയന്ത്രണം തുടരും. 100 ഉദ്യോഗസ്ഥരെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്.