ഹിജാബ് ഉപേക്ഷിക്കാന്‍ ആഹ്വാനം; ഇറാനില്‍ ഗായകന് ചാട്ടവാറടി

ഗായകന്‍ മെഹ്ദി യരാഹിയെ ആണ് മദ്യപിച്ചു എന്ന കുറ്റം ചുമത്തി ശിക്ഷിച്ചത്.

ദുബായ്: ഇറാനില്‍ വനിതകള്‍ ഹിജാബ് ഉപേക്ഷിക്കണമെന്ന് പാട്ടിലൂടെ ആഹ്വാനം ചെയ്ത ഗായകന് 74 ചാട്ടവാറടി ശിക്ഷ. ഗായകന്‍ മെഹ്ദി യരാഹിയെ ആണ് മദ്യപിച്ചു എന്ന കുറ്റം ചുമത്തി ശിക്ഷിച്ചത്. ഗാനത്തിന്റെ പേരിലല്ല, മദ്യപിച്ചതിന്റെ പേരിലാണു ശിക്ഷയെന്നാണ് ഔദ്യോഗിക വിശദീകരണം.

ഹിജാബ് ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഗാനം സാമൂഹികമാധ്യമത്തിലാണ് യരാഹി പോസ്റ്റ് ചെയ്തത്. ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യുന്ന വനിതകളുടെ ദൃശ്യവും ഇതോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ശിക്ഷയ്ക്ക് പിന്നാലെ ‘സ്വാതന്ത്ര്യത്തിന് വില കൊടുക്കാത്തവര്‍ അതിന് അര്‍ഹരല്ലെന്നും ഞാന്‍ എന്റെ വില കൊടുത്തു’ എന്നും യരാഹി സമൂഹമാധ്യമത്തിലെഴുതി. ഇറാനിലെ ഏറ്റവും പ്രമുഖ പോപ് ഗായകനാണ് യരാഹി.

ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് പിടികൂടിയ മഹ്‌സ അമിനി (22) കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് 2022 സെപ്റ്റംബറില്‍ ഇറാനില്‍ മാസങ്ങളോളം പ്രക്ഷോഭം നടന്നിരുന്നു.