സാമ്പത്തിക പ്രതിസന്ധിക്കിടെ കേന്ദ്രമന്ത്രി നിർമലാ സീതാരാമനുമായി മുഖ്യമന്ത്രി കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി; ഗവർണറും പങ്കെടുത്തു

നിർമലാ സീതാരാമനൊപ്പമാണ് മുഖ്യമന്ത്രി പ്രഭാത ഭക്ഷണം കഴിച്ചത്. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയ്ക്ക് പുറമെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ് എന്നിവർ പങ്കെടുത്തു.

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിക്കിടെ കേന്ദ്രമന്ത്രി നിർമലാ സീതാരാമാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹിയിലെ കേരളാ ഹൌസിൽ നടന്ന കൂടിക്കാഴ്ചയിൽ വയനാട് പുനരധിവാസം, വിഴിഞ്ഞം പദ്ധതി തുടങ്ങിയവ ചർച്ചയായി. എന്നാൽ ആശവർക്കർമാരുടെ സമരം കൂടിക്കാഴ്ചയിൽ ഉന്നയിച്ചില്ലെന്നാണ് സൂചന.

കേരള സർക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് രാവിലെ 9 മണിയോടെ ധനമന്ത്രി നിർമലാ സീതാരാമൻ കേരള ഹൗസ് മതിൽക്കെട്ടിലെ കൊച്ചിൻ ഹൗസിലെത്തിയത്. അനൗദ്യോഗിക സന്ദർശനമെന്നാണ് വിശദീകരണമെങ്കിലും കൂടികാഴ്ചയിൽ വയനാട് പുനരധിവാസം അടക്കമുള്ള വിഷയങ്ങൾ മുഖ്യമന്ത്രി ഉന്നയിച്ചു.

പുനരധിവാസത്തിന് കേരളം ആവശ്യപ്പെട്ടത് പാക്കേജ് ആണെങ്കിൽ കേന്ദ്രം അനുവദിച്ചത് 529 കോടി വായ്പയാണ്. തിരിച്ചടവിനു സാവകാശം ഉണ്ടെങ്കിലും മാർച്ച് 31ന് മുൻപ് ചെലവഴിച്ചതിന്റെ കണക്കുകൾ നൽകണമെന്ന നിബന്ധന അപ്രായോഗികമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിൽ നിർണമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടതുണ്ട്.

രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിന് പതിനായിരം കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിന് കേന്ദ്ര സഹായം കൂടിയേ തീരൂ. വിഴിഞ്ഞം പദ്ധതിക്ക് നൽകുന്ന വിജിഎഫ് തരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം ആശവർക്കർമാർ നേരിടുന്ന പ്രതിസന്ധി മുഖ്യമന്ത്രി ഉന്നയിച്ചില്ലെന്നാണ് സൂചന. ബ്രാൻഡിംഗ് നിബന്ധന പാലിക്കാത്തതിനാൽ പാഴായ തുക സംസ്ഥാനത്തതിന് അനുവദിക്കണമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

നിർമലാ സീതാരാമനൊപ്പമാണ് മുഖ്യമന്ത്രി പ്രഭാത ഭക്ഷണം കഴിച്ചത്. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയ്ക്ക് പുറമെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ് എന്നിവർ പങ്കെടുത്തു.