‘സര്‍ക്കാര്‍ ആത്മാര്‍ഥമായി പ്രവർത്തിക്കണം; ലഹരി മാഫിയയുടെ വേരറുക്കാന്‍ മുഖ്യമന്ത്രി രംഗത്തിറങ്ങണം’; രമേശ് ചെന്നിത്തല

അരുത് അക്രമം, അരുത് ലഹരി എന്ന സന്ദേശവുമായി SKN 40 തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടരുന്നു. ജനകീയ യാത്രയിൽ പങ്ക് ചേർന്ന് കോൺ​ഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നടത്തുന്ന കേരള യാത്രയെ രമേശ് ചെന്നിത്തല പ്രശംസിച്ചു. കേരളത്തിലെ ഒരു വിപത്തിനെ നേരിടാന്‍ ഇറങ്ങി തിരിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും പൂര്‍ണ പിന്തുണ നല്‍കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

ഒന്‍പത് വര്‍ഷം മുഖ്യമന്ത്രിയായിരുന്നിട്ടും പിണറായി വിജയന്‍ ലഹരിക്കെതിരെ ഒന്നം ചെയ്തില്ലെന്ന വിമര്‍ശനം രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. മാധ്യമങ്ങളും പ്രതിപക്ഷവും പറയുമ്പോഴാണ് സര്‍ക്കാര്‍ ഉണര്‍ന്നത്. പൊലീസ് വിചാരിച്ചാല്‍ ലഹരി മാഫിയയുടെ വേരറുക്കാന്‍ കഴിയും. എന്നാല്‍ ഇതിനുള്ള ഇച്ഛാശക്തി സര്‍ക്കാരിനില്ലെന്ന് അദേഹം വിമര്‍ശിച്ചു.

പൊലീസ് വിചാരിച്ചാല്‍ ലഹരി വ്യാപനം നിയന്ത്രിക്കാന്‍ കഴിയും എന്നാല്‍ അതുണ്ടാകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നതാണ് പ്രശ്‌നമെന്ന് അദേഹം പറഞ്ഞു. എന്താ ഈ നാട്ടില്‍ നടക്കുന്നതെന്ന് അദേഹം ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ പിന്തുണ നല്‍കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരി മാഫിയയുടെ വേരറുക്കാന്‍ മുഖ്യമന്ത്രി രംഗത്തിറങ്ങണമെന്ന് അദേഹം ആവശ്യപ്പെട്ടു.

Read Also: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനെ സംരക്ഷിച്ച് മാതാവ് ഷെമി; ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗം നടക്കുന്നത്. ശക്തമായ നടപടിയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷന്‍ കുബേര പോലെ ശക്തമായ ഡ്രൈവ് ആണ് ആവശ്യമെന്ന് അദേഹം പറഞ്ഞു. ലഹരി വ്യാപനം തടയുന്നതില്‍ പൊലീസിന് അവസരം നല്‍കുന്നില്ല. രാഷ്ട്രീയ രക്ഷകര്‍തൃത്വം മാറ്റിവെച്ച് സര്‍ക്കാര്‍ ആത്മാര്‍ഥമായി രംഗത്തിറങ്ങിയാല്‍ പ്രതിപക്ഷം പിന്തുണക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഒരു വശത്ത് ലഹരി പദാര്‍ഥങ്ങള്‍ ഉല്പാദിപ്പിക്കുകയും മറുവശത്ത് തടയണമെന്നും ഗീര്‍വാണ പ്രസംഗം നടത്തിയിട്ട് കാര്യമില്ല. എലപ്പുള്ളിയില്‍ മദ്യകമ്പനി തുടങ്ങിയിട്ട് ലഹരിക്കെതിരെ പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ലഹരിയുടെ ഉല്പാദനവും വര്‍ധനവും വിതരണവും നിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നതാണ് തന്റെ അഭ്യര്‍ഥനയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.