കോഴിക്കോട്: അമിത അളവിൽ ലഹരി അകത്തുചെന്നതാണ് ഷാനിദിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ ഡോക്ടർമാർ സ്ഥിരീകരിച്ചു. ലഹരിപാക്കറ്റുകൾ വിഴുങ്ങിയതിനെത്തുടർന്ന് കഴിഞ്ഞദിവസമാണ് കോടഞ്ചേരി മൈക്കാവ് കരിമ്പാലക്കുന്ന് അമ്പായത്തോട് ഇയ്യാടൻ ഹൗസിൽ എ.എസ്. ഷാനിദ് (28) പോലീസ് കസ്റ്റഡിയിൽ മരിച്ചത്.
പോസ്റ്റ്‌മോർട്ടത്തിൽ ഷാനിദിന്റെ ശരീരത്തിൽനിന്ന് രണ്ടുപാക്കറ്റുകൾ കണ്ടെത്തി. ഒരു പാക്കറ്റിലുള്ള ഒൻപതുഗ്രാം കഞ്ചാവ് വയറിനുള്ളിൽനിന്ന് കിട്ടി. മറ്റൊരു പാക്കറ്റിലെ ലഹരി പൂർണമായി രക്തത്തിൽ അലിഞ്ഞുചേർന്നിരുന്നു. ഫൊറൻസിക് പരിശോധനയ്ക്കുശേഷമേ ഇത് എം.ഡി.എം.എ. ആണോയെന്ന് ഉറപ്പിക്കാൻ സാധിക്കൂ. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഞായറാഴ്ച മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകി.
രാവിലെ പത്തോടെയാണ് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയത്. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതിനാൽ കുന്ദമംഗലം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്. ഉച്ചയ്ക്ക് 1.30-ഓടെയാണ് മൃതദേഹം ബന്ധുകൾ ഏറ്റുവാങ്ങിയത്.
മയക്കുമരുന്ന് വിഴുങ്ങി യുവാവ് മരിച്ച സംഭവം; അന്വേഷണച്ചുമതല പേരാമ്പ്ര ഡിവൈ.എസ്.പി.ക്ക്
തിരുവമ്പാടി: പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തെക്കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ. പാക്കറ്റുകൾ വിഴുങ്ങി കോടഞ്ചേരി മൈക്കാവ് കരിമ്പാലക്കുന്ന് അമ്പായത്തോട് ഇയ്യാടൻ ഹൗസിൽ എ.എസ്. ഷാനിദ് (28) മരിക്കാനിടയായത് സംബന്ധിച്ച് പേരാമ്പ്ര ഡിവൈ.എസ്.പി. വി.വി. ലതീഷ് അന്വേഷിക്കും.മയക്കുമരുന്ന് പ്ലാസ്റ്റിക് കവർ സഹിതം വിഴുങ്ങി അവശനിലയിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച പകൽ 11.20-ഓടെയാണ് ഷാനിദിന്റെ മരണം.
ഗൾഫിലായിരുന്ന ഷാനിദ് നാലുവർഷമായി നാട്ടിലെത്തിയിട്ട്. ഷാനിദ് ലഹരിക്കടിമയും മയക്കുമരുന്ന് കച്ചവട റാക്കറ്റിലെ കണ്ണിയുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. നേരത്തേ കഞ്ചാവ് ഉപയോഗിച്ചതിനും കേസുകളുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം മൈക്കാവ് കരിമ്പാലക്കുന്ന് ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. കുന്ദമംഗലം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എം. ആതിര, താമരശ്ശേരി തഹസിൽദാർ കെ. ഹരീഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ.