താമരശ്ശേരി: താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥികൂടെ പിടിയിൽ. പത്താംക്ലാസ് വിദ്യാർഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഈ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ വിശദമായി ചോദ്യംചെയ്യും.
അതേസമയം, ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ വിദ്യാർഥികളുടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ള മുതിർന്നവരുടെ പങ്കും ഗൂഢാലോചനയും പോലീസ് അന്വേഷിക്കുന്നുണ്ട്. ക്വട്ടേഷൻബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന വ്യക്തി ഉൾപ്പെടെയുള്ളവർക്ക് അക്രമത്തിൽ നേരിട്ട് പങ്കുണ്ടോയെന്നതാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി അടിച്ചുതകർക്കാനുപയോഗിച്ച നഞ്ചക്ക് കുറ്റാരോപിതരിൽ പ്രധാനിയുടെ രക്ഷിതാവ് ഉപയോഗിക്കുന്നതാണെന്ന് പോലീസിന് നേരത്തേ സൂചനലഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിൽനിന്നാണ് കരാട്ടെ പരിശീലനത്തിനുപയോഗിക്കുന്ന ഈ ആയുധം അന്വേഷണസംഘം കണ്ടെത്തിയതും. നഞ്ചക്ക് ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കി.