വിള ഇന്‍ഷുറന്‍സ് പദ്ധതി 2026 വരെ നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം

ന്യൂഡല്‍ഹി: പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന വരുമാന നഷ്ടത്തിന് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (പിഎംഎഫ്ബിവൈ) നീട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പദ്ധതി 2025-2026 സാമ്പത്തിക വര്‍ഷം വരെ തുടരാനാണ് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കിയത്. തടയാന്‍ കഴിയാത്ത പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള വിള നാശത്തിന് കര്‍ഷകര്‍ക്ക് പരിരക്ഷ ലഭിക്കുന്നത് തുടരുമെന്ന് കേന്ദ്രമന്ത്രിസഭായോഗ തീരുമാനം അറിയിച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
2021-22 മുതല്‍ 2025-26 വരെയുള്ള പദ്ധതിക്ക് ആകെ 69,515.71 കോടി രൂപയാണ് ചെലവഴിക്കുന്നത്. വിള ഇന്‍ഷുറന്‍സിലെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും ക്ലെയിമുകളില്‍ സംയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനുമായി ഫണ്ട് ഫോര്‍ ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി (എഫ്‌ഐഎറ്റി) രൂപീകരിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിനായി 824.77 കോടി രൂപ നീക്കിവെക്കും.ക്ലെയിം സെറ്റില്‍മെന്റുകളുടെ കാര്യക്ഷമതയും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള YES-TECH (സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിളവ് കണക്കാക്കല്‍ സംവിധാനം), WINDS (കാലാവസ്ഥാ വിവരവും നെറ്റ്വര്‍ക്ക് ഡാറ്റാ സിസ്റ്റംസ്) എന്നിവയും പോലുള്ള സാങ്കേതിക സംരംഭങ്ങള്‍ക്ക് ഈ ഫണ്ട് വിനിയോഗിക്കാനാകും. കൂടാതെ ഡൈ അമോണിയം ഫോസ്‌ഫേറ്റ് വളങ്ങളുടെ സബ്‌സിഡി തുടരാന്‍ 3850 കോടിയും അനുവദിച്ചിട്ടുണ്ട്.