രാമക്ഷേത്രം ഗ്രനേഡ് വച്ച് തകര്‍ക്കാന്‍ ഐഎസ്‌ഐ പദ്ധതി; യുപി സ്വദേശിയായ ഇറച്ചിക്കടക്കാരന്‍ പിടിയില്‍

ഇയാളെ ചാവേര്‍ ആക്കി സ്‌ഫോടനം നടത്താനാണ് പാക് ചാരസംഘടനയായ ഐഎസ്‌ഐ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഗ്രനേഡ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ഭീകരനെ ഗുജറാത്ത് – ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ഫാസിയാബാദ് സ്വദേശിയായ 19കാരന്‍ അബ്ദുള്‍ റഹ്മാനാണ് പിടിയിലായത്. ഓട്ടോ ഡ്രൈവറായ യുവാവ് ഇറച്ചിക്കടയും നടത്തിയിരുന്നു. ഇയാളെ ചാവേര്‍ ആക്കി സ്‌ഫോടനം നടത്താനാണ് പാക് ചാരസംഘടനയായ ഐഎസ്‌ഐ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.

സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഇയാള്‍ നിരവധി തവണ ക്ഷേത്രത്തിന് സമീപത്ത് നിരീക്ഷണം നടത്തുകയും വിവരങ്ങള്‍ ഐഎസ്‌ഐക്ക് കൈമാറിയിരുന്നതായും പൊലീസ് പറഞ്ഞു. ഹരിയാന ടാസ്‌ക് പൊലീസിന്റെ പരാതിയെ തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പത്തുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഫരീദാബാദിലെത്തി ഐഎസ്‌ഐ നിയോഗിച്ച ആളില്‍ നിന്നും ഗ്രനേഡുകള്‍ ഏറ്റുവാങ്ങി, ട്രെയിന്‍മാര്‍ഗം അത് അയോധ്യയിലെത്തിച്ച് സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹരിയാന എസ്ടിഎഫും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അദ്ദേഹത്തെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ ഒളിപ്പിച്ചുവച്ച ഗ്രനേഡ് കണ്ടെത്തി നിര്‍വീര്യമാക്കിയതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും നിരവധി ഭീകരസംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.