ഫോമാ-രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം ‘അമ്മയോടൊപ്പം’ സഹായ വിതരണം നാളെ പിറവത്ത്

പിറവം: ജന്മനാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമായും രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന 13-ാമത് ‘അമ്മയോടൊപ്പം’ ജീവകാരുണ്യ ചടങ്ങില്‍  പിറവത്തെ നൂറുകണക്കിന് നിര്‍ധന വിധവകളായ അമ്മമാരെ ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുന്നു. നാളെ (ജനുവരി 5, ഞായര്‍) ഉച്ചയ്ക്ക് ഒരു മണിക്ക് പിറവം കമ്പാനിയന്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
തദവസരത്തില്‍ എണ്ണൂറോളം നിര്‍ധന വിധവകളായ അമ്മമാര്‍ക്ക് പുതുവര്‍ഷ സമ്മാനമായി കൈനീട്ടം, വസ്ത്രം, ധാന്യക്കിറ്റ്, നാഗാര്‍ജ്ജുന ആയുര്‍വ്വേദ മെഡിക്കല്‍ കിറ്റ്, സ്‌നേഹവിരുന്ന് എന്നിവ നല്‍കി ആദരിക്കും. രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ രക്ഷാധികാരി കൂടിയായ പിറവം സ്വദേശി ബേബി മണക്കുന്നേല്‍, ഫോമായുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം പങ്കുവച്ച് അദ്ദേഹത്തെ വേദിയില്‍ വച്ച് ചാണ്ടി ഉമ്മന്‍ എം.എല്‍.എ ആദരിക്കുന്നതാണ്.

അമ്മയോടൊപ്പം പദ്ധതിയില്‍ ഫോമായുടെ കൈത്താങ്ങ് എന്നും നന്ദിയോടെ സ്മരിക്കുന്നുവെന്ന് രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി മുടങ്ങാതെ നടത്തിവരുന്ന ജീവകാരുണ്യ പരിപാടിയാണിത്. ചടങ്ങില്‍ ഇന്ത്യയിലെ പ്രമുഖ പ്രൈവറ്റ് ഡെറ്റ് പ്രൊവൈഡിംഗ് കമ്പനിയായ ഹാലോ എയര്‍വെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡിയും പിറവം സ്വദേശിയും മികച്ച യുവ സംരംഭകനുമായ ഷോബി റ്റി പോള്‍, പിറവം സ്വദേശിയായ ചെറുകഥാകൃത്ത് എസ് സജിനി എന്നിവരേയും ആദരിക്കും.

രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ സാബു കെ ജേക്കബ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മുന്‍ എം.എല്‍.എമാരായ വി.ജെ പൗലോസ്, എം.ജെ ജേക്കബ്, കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയില്‍, ഫോമാ ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ഫോമാ 2026 കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സുബിന്‍ കുമാരന്‍, സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍, എ.സി പീറ്റര്‍ (റോട്ടറി ഇന്റര്‍നാഷണല്‍), തോമസ് പുളിക്കല്‍ (യു.കെ മലയാളി അസോസിയേഷന്‍) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.
ഇപ്പോള്‍ നാട്ടില്‍ എത്തിയിട്ടുള്ള ഫോമായുടെ അഭ്യുദയകാംക്ഷികള്‍ ഈ മഹനീയ ചടങ്ങില്‍ സംബന്ധിക്കണമെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അഭ്യര്‍ത്ഥിച്ചു.