പദവിയുടെ പേരിൽ പാർട്ടിയെ വെല്ലുവിളിച്ച മുതിർന്ന നേതാവ് എ. പദ്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും. കൊല്ലം സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ പദ്മകുമാര്‍ അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും തുറന്നടിച്ചിരുന്നു
പത്തനംതിട്ട: പദവിയുടെ പേരിൽ പാർട്ടിയെ വെല്ലുവിളിച്ച മുതിർന്ന നേതാവ് എ. പദ്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന നേതൃത്വത്തെ പോലും വെട്ടിലാക്കിയ പരസ്യ പ്രതിഷേധത്തിൽ ശക്തമായ നടപടി വന്നേക്കും. പദ്മകുമാറിനെ കാണാൻ ആറന്മുളയിലെ വീട്ടിൽ ഇന്നലെ രാത്രി ബിജെപി നേതാക്കൾ എത്തിയതിലും നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ട്. തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിലാണ് പദ്മകുമാറിന്‍റെ വിരോധം. കൊല്ലം സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ പദ്മകുമാര്‍ അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും തുറന്നടിച്ചിരുന്നു
പൊളിറ്റ് ബ്യൂറോ യോഗം ഇന്ന്
അതേസമയം, സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംഘടന റിപ്പോർട്ട്, കരടു രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി ഘടകങ്ങൾ നിർദ്ദേശിച്ച ഭേദഗതികൾ എന്നിവയാകും പിബി ചർച്ച ചെയ്യുക. സംസ്ഥാന സമ്മേളനങ്ങളുടെ വിലയിരുത്തലും യോഗത്തിലുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അടുത്ത ജനറൽ സെക്രട്ടറിയെക്കുറിച്ചുള്ള ചർച്ചകൾ നിലവിൽ പാർട്ടിയിൽ തുടങ്ങിയിട്ടില്ല. സംസ്ഥാന സമ്മേളനങ്ങളിൽ പ്രായപരിധി നിബന്ധന നടപ്പാക്കിയ സാഹചര്യത്തിൽ കേന്ദ്ര കമ്മിറ്റിയിൽ ഇളവു നൽകേണ്ടതില്ലെന്നാണ് പാർട്ടിയിലെ പൊതുവികാരം. പ്രായപരിധിയുടെ അടിസ്ഥാനത്തിൽ പ്രകാശ് കാരാട്ട് അടക്കം ഒഴിയുകയാണെങ്കിൽ ബി.വി രാഘവലുവിന്‍റെ പേരാണ് ഒരു വിഭാഗം മുന്നോട്ടു വയ്ക്കുന്നത്. എം.എ ബേബിയുടെ പേര് സംസ്ഥാന ഘടകം മുന്നോട്ടുവെയ്ക്കുമോ എന്നതിൽ വ്യക്തതയില്ല.