തെറ്റുകള്‍ പറ്റിയിട്ടുണ്ടാകാം, ദൈവമല്ല, ഞാനും മനുഷ്യനാണ്’; ആദ്യ പോഡ്കാസ്റ്റില്‍ പ്രധാനമന്ത്രി മോദി……

ന്യൂഡല്‍ഹി: തെറ്റുകള്‍ തനിക്കും സഭവിച്ചിട്ടുണ്ടാകാമെന്നും ദൈവമല്ല, മനുഷ്യനാണ് താനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. പല വിഷയങ്ങളിലും തുറന്ന് സംസാരിച്ച തന്റെ ആദ്യ പോഡ്കാസ്റ്റാണിതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

പോഡ്കാസ്റ്റിന്റെ വീഡിയോ പുറത്തുവിടുന്നതിന് മുമ്പ് നിഖില്‍ കാമത്ത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തിറക്കിയിട്ടുണ്ട് ഈ ട്രെയിലറില്‍, നിഖില്‍ പ്രധാനമന്ത്രിയോട് നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നത് കാണാം. അതിന് പ്രധാനമന്ത്രി ഉത്തരം നല്‍കുന്നുമുണ്ട്.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍. പോഡ്കാസ്റ്റിനിടെ കാമത്ത് തന്റെ പരിഭ്രമം തുറന്നു പറഞ്ഞു, ‘ഞാന്‍ ഇവിടെ നിങ്ങളുടെ മുന്നില്‍ ഇരുന്നു സംസാരിക്കുമ്പോള്‍ എനിക്ക് പരിഭ്രാന്തി തോന്നുന്നു. ഇത് എനിക്ക് കഠിനമായ ഒരു സംവാദമാണ്’. ഇത് തന്റെ ആദ്യ പോഡ്കാസ്റ്റാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി ഇത് താങ്കളുടെ പ്രേക്ഷകര്‍ എങ്ങനെ ഏറ്റെടുക്കുമെന്ന് അറിയില്ലെന്നും മറുപടി നല്‍കി.

സംഭാഷണത്തിനിടയില്‍, പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ തന്റെ പ്രസംഗം ഓര്‍മിപ്പിച്ചു. ‘അന്ന് ഞാന്‍ പറഞ്ഞു, തെറ്റുകള്‍ സംഭവിക്കാം. ഞാന്‍ മനുഷ്യനാണ്, ദൈവമല്ല’ മോദി പറഞ്ഞു.

ദക്ഷിണേന്ത്യന്‍ മധ്യവര്‍ഗ കുടുംബത്തില്‍ വളര്‍ന്ന തനിക്ക് രാഷ്ട്രീയം ഒരുവൃത്തിക്കെട്ട കളിയാണെന്നാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ഈയൊരു വിശ്വാസം ആളുകളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് എന്താണ് ഉപദേശം നല്‍കാനുള്ളതെന്ന ചോദ്യത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു, ‘നിങ്ങള്‍ പറഞ്ഞത് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, നമ്മള്‍ ഈ സംഭാഷണം നടത്തില്ലായിരുന്നല്ലോ’.