ഡൊമിനിക്കയില്‍ അവധി ആഘോഷിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി എവിടെ? അന്വേഷണ ഏജന്‍സികള്‍ പറയുന്നത്

മാര്‍ച്ച് ആറിന് രാവിലെ 6.00 നാണ് റിയു റിപ്പബ്ലിക്ക റിസോര്‍ട്ട് ബീച്ചില്‍ വെച്ചാണ് സുദിക്ഷയെ അവസാനമായി കണ്ടത്.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റാ കാനയില്‍ വച്ച് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ 20 കാരിയായ സുദിക്ഷ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു.

മാര്‍ച്ച് ആറിന് രാവിലെ 6.00 നാണ് റിയു റിപ്പബ്ലിക്ക റിസോര്‍ട്ട് ബീച്ചില്‍ വെച്ചാണ് സുദിക്ഷയെ അവസാനമായി കണ്ടത്. കോളജിലെ വനിതാ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സുദിക്ഷ ഇവിടെ എത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സുദിക്ഷയും സംഘവും മാര്‍ച്ച് 5 ന് രാത്രി ഒരു നിശാക്ലബ്ബില്‍ പോയി തിരിച്ചെത്തിയിരുന്നു. പിന്നീട് പുലര്‍ച്ചെ 4 മണിയോടെ ബീച്ചിലേക്ക് പോയി. സുദിക്ഷയുടെ സുഹൃത്തുക്കളും പുലര്‍ച്ചെ 5.55 ന് ഹോട്ടലില്‍ തിരിച്ചെത്തിയതായി സിസിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സുദിക്ഷ ഒരു യുവാവിനൊപ്പം ബീച്ചില്‍ തന്നെ തുടര്‍ന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

ബീച്ചില്‍ നിന്തുന്നതിനിടെ ശക്തമായ തിരമാലയില്‍പ്പട്ടതായി യുവാവ് അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാല്‍ കരയില്‍ തിരിച്ചെത്തിയപ്പോള്‍ ഛര്‍ദ്ദിക്കുകയും ലോഞ്ച് ചെയറില്‍ വിശ്രമിക്കുകയും ഉറങ്ങിപോകുകയും ചെയ്തു. എന്നാല്‍ എഴുന്നേറ്റപ്പോഴാണ് സുദിക്ഷയെ കാണാനില്ലെന്ന വിവരം അറിയുന്നതെന്നും യുവാവ് പറഞ്ഞു. രാവിലെ 9.55 ഓടെ ഇയാള്‍ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സുദിക്ഷയുടെ ഫോണും വാലറ്റും പോലുള്ള വ്യക്തിപരമായ സാധനങ്ങള്‍ അവരുടെ സുഹൃത്തുക്കളുടെ

പക്കലുണ്ടായിരുന്നു, ഇത് കൂടുതല്‍ ആശങ്കകള്‍ ഉയര്‍ത്തി. സുദിക്ഷയെ കണ്ടെത്തുന്നതിനായി യെല്ലോ നോട്ടീസ് പുറപ്പെടുവിക്കാന്‍ ലൗഡൗണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുന്റാ കാനയിലെ ബീച്ചുകളിലും ജലാശയങ്ങളിലും കെ-9 ടീമുകള്‍, ഡ്രോണുകള്‍, പ്രത്യേക രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ള തിരച്ചില്‍ നടത്തുന്നുണ്ട്. ഡൊമിനിക്കന്‍ സിവില്‍ ഡിഫന്‍സ്, നാഷണല്‍ പൊലീസ്, നേവി, ഫയര്‍ഫോഴ്സ് എന്നിവരെല്ലാം ഈ ശ്രമങ്ങളില്‍ പങ്കാളികളാണ്. എഫ്ബിഐ, ഡിഇഎ, ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് എന്നിവയുള്‍പ്പെടെയുള്ള യുഎസ് ഏജന്‍സികള്‍ അന്വേഷണത്തിനുണ്ട്.