ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം, എഴ് പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: ലാസ് വെഗാസില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 7 പേര്‍ക്കു പരിക്കേറ്റു. ഹോട്ടല്‍ കവാടത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിനാണ് തീപിടിച്ചത്. തുടര്‍ന്ന് ചെറു സ്‌ഫോടനം സംഭവിക്കുകയായിരുന്നു.

ട്രക്കിനുള്ളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സര ആഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റി ജനക്കൂട്ടത്തെ ആക്രമിച്ച സംഭവവുമായി അപകടത്തിനു ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

അപകടത്തില്‍ സൈബര്‍ട്രക്കിനുള്ളിലുണ്ടായിരുന്ന ഒരാള്‍ മരിച്ചതായി ലാസ് വെഗാസ് മെട്രോപൊളിറ്റന്‍ പൊലീസിലെയും ക്ലാര്‍ക്ക് കൗണ്ടി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെയും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തില്‍ നിസാര പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.