അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ ഇന്നിങ്‌സോടെ ലോകറെക്കോര്‍ഡ് നേടി മുംബൈയുടെ 17കാരന്‍. നാഗാലന്‍ഡിനെതിരായ മത്സരത്തില്‍ മുംബൈയുടെ ഓപ്പണറായ ആയുഷ് മാത്രെയാണ് നേട്ടം സ്വന്തമാക്കിയത്. 117 പന്തില്‍ 15 ഫോറും 11 സിക്‌സും സഹിതം മാത്രെ നേടിയത് 181 റണ്‍സാണ്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ 150 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്.ഇന്ത്യന്‍ ഒപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെ റെക്കോര്‍ഡാണ് താരം പഴങ്കഥയാക്കിയത്. 17 വര്‍ഷവും 168 ദിവസവുമാണ് മാത്രെയുടെ പ്രായം. 2019 ല്‍ ജാര്‍ഖണ്ഡിനെതിരെ 17 വര്‍ഷവും 291 ദിവസവും പ്രായമുള്ളപ്പോഴാണ് ജയ്സ്വാളാണ് ഈ റെക്കോര്‍ഡ് നേടിയത്.
മത്സരത്തില്‍ നാഗാലന്‍ഡിനെതിരെ മുംബൈക്ക് 189 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി. മാത്രെയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 403 റണ്‍സെടുത്തപ്പോള്‍ നാഗാലന്‍ഡിന്റെ മറുപടി ബാറ്റിങ് 214 റണ്‍സിലവസാനിച്ചു.
മുംബൈയ്ക്കായി ഓപ്പണര്‍ ആംക്രിഷ് രഘുവംശി അര്‍ധസെഞ്ചറി നേടി. 66 പന്തുകള്‍ നേരിട്ട താരം മൂന്നു ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റില്‍ മാത്രെ – രഘുവംശി സഖ്യം 149 പന്തില്‍ കൂട്ടിച്ചേര്‍ത്ത 156 റണ്‍സാണ് മുംബൈ ഇന്നിങ്‌സിന്റെ നട്ടെല്ല്.