കൊടുവള്ളി: എളേറ്റില്‍ എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 49-ാംനമ്പര്‍ മുറിയിലെ ബോര്‍ഡിലും ഏറ്റവും പുറകിലെ ഡെസ്‌കിലും ചോക്കുകൊണ്ടെഴുതിയ 628307 എന്ന രജിസ്റ്റര്‍നമ്പര്‍ മായാതെ കിടന്നിരുന്നു. ഇടതുവശത്തെ ഏറ്റവും പുറകിലുള്ള ആ ഡെസ്‌കിന് തൊട്ടുതാഴെയുള്ള ബെഞ്ചിലെ സീറ്റ് ഇനിയൊരിക്കലും പരീക്ഷയെഴുതാനെത്താത്ത ഒരു വിദ്യാര്‍ഥിയെയും കാത്ത് ഒഴിഞ്ഞുകിടന്നു.
എന്നാല്‍, ക്ലാസിലിരുന്ന് എസ്.എല്‍.എസ്.സി.യുടെ ആദ്യപരീക്ഷയെഴുതിയ ഇരുപതില്‍ പത്തൊന്‍പത് വിദ്യാര്‍ഥികളുടെയും മനസ്സില്‍ ആ മുഖവും പേരും പലതവണ മിന്നിമാഞ്ഞിരിക്കണം. ഏതാനുംദിവസം മുന്‍പ് ചിരിവിടര്‍ന്ന മുഖത്തോടെയെത്തി മാതൃകാപരീക്ഷയെഴുതിയ തങ്ങളുടെ സുഹൃത്ത് മുഹമ്മദ് ഷഹബാസിന്റെ ഇരിപ്പിടത്തിലേക്ക് നോക്കി കണ്ണ് നനയാതിരിക്കാന്‍ അവര്‍ പാടുപെട്ടു.
മോഡല്‍പ്പരീക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ക്കുശേഷം കൂട്ടുകാരെ കണ്ടുമുട്ടുമ്പോള്‍ സ്വാഭാവികമായും ഉണ്ടാവേണ്ട സന്തോഷമൊന്നും അവരുടെ മുഖത്ത് പ്രകടമായില്ല. ആ മുറിയിലുള്ളവര്‍ മാത്രമല്ല, ജില്ലയില്‍ ഏറ്റവുംകൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ (1032 കുട്ടികള്‍) രണ്ടാമത്തെ സ്‌കൂളായ എളേറ്റിലില്‍ എസ്.എസ്.എല്‍.സി.യുടെ ആദ്യ പരീക്ഷയെഴുതി ഇറങ്ങിയ മിക്കവരുടെയും മുഖം മ്ലാനമായിരുന്നു. അതുകൊണ്ടുതന്നെ പതിവ് പൊട്ടിച്ചിരികളും സൗഹൃദം പങ്കിടലുമൊന്നും ഉണ്ടായതുമില്ല.
മോഡല്‍പ്പരീക്ഷ കഴിഞ്ഞുള്ള ഇടവേളയ്ക്കുശേഷം എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ എളേറ്റില്‍ സ്‌കൂളിലേക്ക് സ്‌കൂള്‍ബസിലും രക്ഷിതാക്കളോടൊപ്പവുമൊക്കെയായിരുന്നു തിങ്കളാഴ്ച കുട്ടികളില്‍ മിക്കവരും എത്തിയത്. പതിവ് കുശലംപറച്ചിലും തമാശപറയലുമെല്ലാം ഒഴിവാക്കി എഴുതേണ്ട ക്ലാസ് റൂം ഏതെന്ന് കണ്ടുപിടിച്ച് പലരും നേരെ അവിടെപ്പോയി സീറ്റിലിരുന്നു.
മാനസികപിരിമുറുക്കമില്ലാതെ പരീക്ഷയെഴുതാന്‍ ഈ മുറിയിലെത്തിയ കുട്ടികള്‍ക്ക് പരീക്ഷ തുടങ്ങുംമുന്‍പ് അധ്യാപകന്‍ പരീക്ഷയെഴുതുന്നതിന് വേണ്ട ആത്മവിശ്വാസം നല്‍കിയിരുന്നു. സ്‌കൂളിലെ 10 എം. ഡിവിഷനില്‍ പഠിച്ചിരുന്ന മുഹമ്മദ് ഷഹബാസ് അറബിക് പരീക്ഷയായിരുന്നു തിങ്കളാഴ്ച എഴുതേണ്ടിയിരുന്നത്.
സ്‌കൂള്‍ ഗേറ്റിന് സമീപം ‘മുഹമ്മദ് ഷഹബാസിന് ആദരാഞ്ജലികള്‍’ എന്നെഴുതിയ ബാനര്‍ കെട്ടിയിരുന്നു. ഈ ബാനറിന് മുന്‍പിലൂടെയാണ് കുട്ടികള്‍ സ്‌കൂളിലേക്ക് പ്രവേശിച്ചത്. ബാനര്‍ കുട്ടികള്‍ക്ക് കൂടുതല്‍ മാനസികപ്രയാസമുണ്ടാക്കിയതിനെത്തുടര്‍ന്ന് അത് സ്‌കൂള്‍ അധികൃതര്‍ അഴിച്ചുമാറ്റുകയായിരുന്നു.
മാനസികപ്രയാസംകാരണം ഹാള്‍ടിക്കറ്റെടുക്കാന്‍ മറന്നവരുമുണ്ടായിരുന്നു. പരീക്ഷ തുടങ്ങുന്നതിനുമുന്‍പ് രക്ഷിതാക്കള്‍ ഹാള്‍ടിക്കറ്റ് സ്‌കൂളില്‍ എത്തിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ മാനസികപിരിമുറുക്കം ഒഴിവാക്കുന്നതിന് അധ്യാപകര്‍ ക്ലാസ് ഗ്രൂപ്പുകളിലൂടെയും മറ്റും കൗണ്‍സലിങ് നല്‍കിയിരുന്നു. തുടര്‍ന്നും മാനസികപ്രയാസമനുഭവിച്ച കുട്ടികളുടെ വീടുകളില്‍ പരീക്ഷയുടെ തലേദിവസവും അധ്യാപകരെത്തി ആത്മവിശ്വാസമേകിയിരുന്നു. ഡി.ഡി.ഇ. സി. മനോജ്കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ നാസര്‍, ബി.പി.സി. വി.എം. മെഹറലി, താമരശ്ശേരി എ.ഇ.ഒ. പി. വിനോദ് എന്നിവരും സ്‌കൂളിലെത്തി.