കേരളത്തിൽ ഉഷ്ണതരം​ഗ ദിനങ്ങൾ വർധിച്ചേക്കും; മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥ വകുപ്പ് .

കാസർകോട്: രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നാടും നഗരവും ‘പുഴുങ്ങുന്ന’ അവസ്ഥയാണിപ്പോൾ. പകൽ ശരാശരി 37-38 ഡിഗ്രി സെൽഷ്യസാണ് മിക്ക ജില്ലകളിലും. ചില ദിവസങ്ങളിൽ 40 ഡിഗ്രിയും കടക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നാണ് കേന്ദ്രകാലവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്.

കേരളത്തിൽ രാത്രി പത്തിന്‌ ശരാശരി താപനില 28-30 ഡിഗ്രി സെൽഷ്യസാണ്. അന്തരീക്ഷ ആർദ്രത 80-95 ശതമാനവുമുണ്ട്. ഇതു കാരണം മുറിക്കുള്ളിൽ ഫാനിട്ടാലും ചൂടുകാറ്റ് വീശുന്നു.

ചില ജില്ലകളിലെ സ്വയംപ്രേരിത ചെറുകാലാവസ്ഥ കേന്ദ്രങ്ങളിൽ (എ.ഡബ്ല്യു.എസ്.) 38-41 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് രേഖപ്പെടുത്തുന്നത്. മാർച്ച് തുടക്കത്തിൽ അനുഭവപ്പെടുന്ന അസ്വസ്ഥമായ ഈ കാലവസ്ഥ വരാനിരിക്കുന്ന കൊടുംവേനലിന്റെ സൂചനകളായാണ് വിദഗ്ധർ വിലയിരുത്തുന്നു. ചീമേനിയിൽ വയോധികൻ ശനിയാഴ്ച സൂര്യാഘാതമേറ്റു മരിച്ചിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം സാധരണമായിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പുകൾ 2015-നുശേഷമാണ് കേരളമുൾപ്പെടുന്ന തെക്കേ ഇന്ത്യയിൽ നൽകി തുടങ്ങിയത്.

ചൂട്ടുപഴുക്കുന്ന കണ്ണൂർ…
വർഷങ്ങളായി പാലക്കാട് ജില്ലയിലായിരുന്നു സംസ്ഥാനത്തെ താപനില കൂടിയ ഇടമായി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 2025 ജനുവരിമുതൽ മാർച്ച് അഞ്ചുവരെയുള്ള ദിവസങ്ങൾക്കിടയിൽ 25 ദിവസം രാജ്യത്തെ ഏറ്റവും ചൂടേറിയ പ്രദേശമായി കണ്ണൂർ മാറി. ഇതിൽ ജനുവരിയിൽ പത്തൊൻപത് ദിവസവും ഫെബ്രുവരിയിൽ ആറ് ദിവസങ്ങളും ഉൾപ്പെടുന്നു. ഫെബ്രുവരി 24 മുതൽ 28 വരെയുള്ള തുടർച്ചയായ അഞ്ചുദിവസങ്ങളിൽ രാജ്യത്തെ ഉയർന്ന താപനില കണ്ണൂരായിരുന്നു. രണ്ടുതവണ 40 ഡിഗ്രി കടന്നു. 24-ന് 40.4 ഡിഗ്രിയും 28-ന് 40.2 ഡിഗ്രിയുമായിരുന്ന കണ്ണൂരിലെ ഉയർന്ന താപനില.

കാലവസ്ഥക്രമം മാറുന്നോ..!
കാലംതെറ്റിയുണ്ടാവുന്ന ചൂടും മഴയും നിലവിലെ കാലാവസ്ഥക്രമം മാറുന്നുവോ എന്ന സംശയത്തിലാണ് കാലവസ്ഥാനിരീക്ഷകർ. ജൂണിൽ തുടങ്ങേണ്ട കാലവർഷം വൈകുന്നതും മാർച്ചിൽ തുടങ്ങേണ്ട വേനൽക്കാലം നേരത്തെ ആരംഭിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണെന്നു സംശയിക്കുന്നു.

സാധാരണ മാർച്ചിലാണ് കേരളത്തിൽ 37-38 ഡിഗ്രി സെൽഷ്യസ് ചൂടിലേക്ക് എത്തുന്നത്. ഇത്തവണ ജനുവരിയിൽ തന്നെ എത്തി.