ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി
(പ്രയത്‌ന കൊച്ചി സ്ഥാപകനാണ് ലേഖകന്‍)
കൗമാരക്കാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള ഒരു പ്രധാന കാരണം കുടുംബഘടനയുടെ തകര്‍ച്ചയാണ്. ഇന്ന് നിരവധി കുട്ടികള്‍ അകന്നു കഴിയുന്ന മാതാപിതാക്കളോടാപ്പമോ മറ്റു സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കുടുംബങ്ങളിലോ ആണ് വളരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ രക്ഷിതാക്കളില്‍ നിന്നുള്ള അവഗണന, വൈകാരിക പിന്തുണയുടെ അഭാവം, ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കുറവ് തുടങ്ങിയ ഘടകങ്ങള്‍ കുട്ടികളുടെ മാനസികാവസ്ഥയെ ദുര്‍ബലമാക്കുന്നു. ഇന്നത്തെക്കാലത്ത് കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ മാത്രം നിറവേറ്റിക്കൊടുത്താല്‍ തീരുന്നതല്ല മാതാപിതാക്കളുടെ ഉത്തരവാദിത്തം. കുഞ്ഞുങ്ങളുടെ വിചാരങ്ങളും വികാരങ്ങളും മനസ്സിലാക്കി, പരിഗണിക്കേണ്ടതും അത്യാവശ്യമാണ്.
സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം
സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കൗമാരക്കാര്‍ക്ക് മേല്‍ വലിയ സ്വാധീനം ചെലുത്തുന്ന പ്രധാന ഘടകമായി മാറിയിരിക്കുന്നു. അക്രമം പ്രവര്‍ത്തിക്കാനുള്ള പ്രവണതയും പരോക്ഷമായ സ്വാധീനങ്ങളും അതിലൂടെ വര്‍ദ്ധിച്ചുവരുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ക്ക് വ്യക്തമായ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും, ഇന്ന് ജനിച്ച് വീഴുന്ന കുട്ടികള്‍ക്ക് പോലും മാതാപിതാക്കള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടാക്കുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നു. പണ്ടത്തെ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ജെന്‍സി എന്നുവിളിക്കപ്പെടുന്ന ഇന്നത്തെ യുവതലമുറയ്ക്ക് സോഷ്യല്‍ മീഡിയ, ഗെയിമുകള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ സുലഭമാണ്. അക്രമസ്വഭാവമുള്ള പല വിഷയങ്ങളും ഇതില്‍ സാധാരണമായി തോന്നിപ്പിക്കുന്നത് അതിശയകരമാണ്. സിനിമകളും സോഷ്യല്‍ മീഡിയയും സൈബര്‍ ബുള്ളിയിങ്, പലവിധമായ അതിക്രമങ്ങള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ കൗതുകകരമായും ആവേശകരമായും ചിത്രീകരിക്കുകയും, കുറ്റകരമല്ലാത്ത രീതിയില്‍ കാണിക്കുകയും ചെയ്യുന്നു. ഈ സ്വാധീനം കുട്ടികളെ അപകടകരമായ പ്രവൃത്തികളിലേക്ക് നയിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ധാര്‍മ്മിക വിദ്യാഭ്യാസത്തിന്റെ കുറവ്
ഇന്നത്തെ കുട്ടികള്‍ക്ക് ശക്തമായ ധാര്‍മ്മിക വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നത് ഗുരുതരമായ പ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുന്നു. നിലവില്‍, പല സ്‌കൂളുകളും പ്രധാനമായും അവരുടെ വിജയനിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനപ്പുറം, ഒരു കുട്ടിയുടെ മെച്ചപ്പെട്ട സ്വഭാവരൂപീകരണത്തിലോ, സാമൂഹിക ഉത്തരവാദിത്തം രൂപപ്പെടുത്തുന്നതിലോ, അച്ചടക്കം പരിശീലിപ്പിക്കുന്നതിലോ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. മുന്‍കാല തലമുറയില്‍, അധ്യാപകരോടുള്ള ബഹുമാനം, അച്ചടക്കം, സമൂഹത്തില്‍ നല്ല പൗരന്മാരായി വളരാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ സ്‌കൂളുകള്‍ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നു കാണാം. വിജയനിരക്ക് മാത്രം നോക്കാതെ, കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിനും ചെറിയ ശിക്ഷണങ്ങളിലൂടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അധ്യാപകര്‍ മുന്‍കാലത്ത് ശ്രമിച്ചിരുന്നു. എന്നാല്‍, ഇന്നത്തെ വിദ്യാഭ്യാസസംവിധാനത്തില്‍ ഇത്തരം രീതികള്‍ കാണാനാകുന്നില്ല. കുട്ടികളുടെ വ്യക്തിത്വവികസനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ കുറയുന്നതും അവഗണിക്കപ്പെടുന്നതുമായിരിക്കുകയാണ്.
സമപ്രായക്കാരുടെ സമ്മര്‍ദവും തല്‍ക്ഷണ സംതൃപ്തി സംസ്‌ക്കാരവും
സമപ്രായക്കാരുടെ സമ്മര്‍ദം (പിയര്‍ പ്രഷര്‍) ഒരു പ്രധാന ഘടകമായി കാണപ്പെടുന്നു. സമപ്രായക്കാര്‍ക്കിടയില്‍ ആരെങ്കിലും എന്തെങ്കിലും പ്രത്യേകമായി ചെയ്തിട്ടുണ്ടെങ്കില്‍ അതിന് അനുയോജ്യമായോ അല്ലാത്തതോ ആയ രീതിയില്‍ അവരെ പിന്തുടരാനുള്ള പ്രേരണ കൂടുതലായി കണ്ടുവരുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ തല്‍ക്ഷണ സംതൃപ്തി (ഇന്‍സ്റ്റന്റ് ഗ്രാറ്റിഫിക്കേഷന്‍) സംസ്‌കാരം വര്‍ധിച്ചുവരികയാണ്. സമപ്രായക്കാരുടെയോ കൂട്ടുകാരുടെയോ സ്വാധീനത്തിന്റെ ഫലമായി, നീതിനിഷ്ഠമോ അധാര്‍മ്മികമോ ആയ പ്രവര്‍ത്തനങ്ങള്‍ക്കും യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നു. ഇത് അവരുടെ തീരുമാനം എടുക്കുന്ന രീതിയെ പ്രതികൂലമായി ബാധിക്കുകയും അപകടങ്ങളില്‍ ഏര്‍പ്പെടാന്‍ കാരണമാകുകയും ചെയ്യുന്നു.
ലഹരി ഉപയോഗം
മറ്റൊരു പ്രധാന കാരണം ലഹരിവസ്തുക്കളുടെ ദുരുപയോഗമാണ്. മുന്‍കാലത്ത് കൗമാരക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗം തീരെ കുറവായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് ലഹരിവസ്തുക്കള്‍ അടുത്തറിയാനുള്ള അവസരങ്ങള്‍ കൂടുതലാണ്. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ലഭ്യതയും പണ്ടത്തെ അപേക്ഷിച്ച് കൂടുതലാണ്.
എന്തിനെയും ‘കൂള്‍’ ആയി കാണുന്ന പ്രവണത
ഇപ്പോഴത്തെ കുട്ടികള്‍ക്കിടയില്‍ വിഷാദം, ഉത്ക്കണ്ഠ, ഒ.സി.ഡി എന്നീ മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ചിലര്‍ അത് വളരെ സാധാരണയായി (കൂളായി) കാണുന്ന പ്രവണതയുണ്ട്. ഉദാഹരണത്തിന്, ഒബ്‌സസീവ്കംപള്‍സീവ് ഡിസോര്‍ഡര്‍ (ഒ.സി.ഡി) എന്നത് പരിപൂര്‍ണമായും ഒരു പെരുമാറ്റ വൈകല്യമാണ്, പക്ഷേ പലരും എല്ലാ സാധനങ്ങളും അടുക്കിപ്പെറുക്കിവയ്ക്കുന്ന അല്ലെങ്കില്‍ വൃത്തിയായി നടക്കുന്നതിനെയാണ് ഒ.സി.ഡി എന്ന തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് തെറാപ്പി ലഭിക്കുക എന്നത് പോസിറ്റീവ് കാര്യമാണ്, എന്നാല്‍ ചിലര്‍ അതിനെ ഒരു പ്രിവിലേജ് എന്നോ, ട്രെന്‍ഡിന്റെ ഭാഗമാകല്‍ എന്നോ ആയി കാണുന്നു. ഈ അവബോധക്കുറവ് അതിന്റെ ഗൗരവം നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. സമപ്രായക്കാരാല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം, അക്കാദമിക സമ്മര്‍ദ്ദം, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍, സോഷ്യല്‍ മീഡിയയുടെ സ്വാധീനം എന്നിവയൊക്കെ മനസികാരോഗ്യ പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നു. കൂടാതെ, ഡിവോഴ്‌സ് നിരക്ക് കൂടുന്നത്, കുടുംബ തര്‍ക്കങ്ങള്‍, ഒറ്റപ്പെട്ട ജീവിതശൈലി എന്നിവയും കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യങ്ങളില്‍, ലഹരിവസ്തുക്കളും മദ്യം ഉപയോഗിക്കുന്നതും ഒരു സമരസപ്പെടല്‍ (കോപ്പിംഗ് മെക്കാനിസം) ആയി മാറുന്നു.
നീതിന്യായ വ്യവസ്ഥയെ കൂസലില്ലാതെ കാണുന്നു
കൂടാതെ കുട്ടികള്‍ നീതിന്യായ വ്യവസ്ഥയെ കൂസലില്ലാതെ കാണുന്നതിനെ ഒരു പ്രധാന പ്രശ്‌നമായി കാണേണ്ടതുണ്ട്. ഉദാഹരണത്തിന്, പതിനെട്ട് വയസ്സിന് താഴെയുള്ളവരായ കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, അവരെ ജുവനൈല്‍ നീതിന്യായ വ്യവസ്ഥയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നു. ഇതിന്റെ ഫലമായി, അവര്‍ക്ക് കര്‍ശനമായ ശിക്ഷയേല്‍ക്കേണ്ടതില്ലെന്നൊരു ധാരണയും, നിയമപരമായ പ്രത്യാഘാതങ്ങളേക്കുറിച്ചുള്ള ഭയക്കുറവും കുട്ടികളില്‍ ഉണ്ടാകുന്നു. അടുത്തകാലത്ത് നടന്ന ഇരട്ട കൊലപാതകങ്ങള്‍, അധ്യാപകരെ മര്‍ദിക്കല്‍, റാഗിങ്ങ്, സഹപാഠിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തല്‍ , തുടങ്ങി നിരവധി ആക്രോശം ഉണര്‍ത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ പ്രവണത ഒരു ‘ട്രെന്‍ഡായി’ മാറുകയാണ്. അതായത്, ‘എന്ത് സംഭവിച്ചാലും അപ്പോള്‍ നോക്കാം’ എന്ന അവഗണനയോടെയുള്ള മനോഭാവം കുട്ടികളില്‍ വ്യാപകമായി കാണപ്പെടുന്നു. പെരുമാറ്റത്തില്‍ പ്രതിഫലിക്കുന്ന ഈ മാറ്റം, കുട്ടികളുടെ മാനസികാവസ്ഥയിലും, നിയമബോധത്തിലും വലിയ അപാകതകള്‍ ഉണ്ടാക്കുന്നു.
പണ്ടുള്ള തലമുറയെ അപേക്ഷിച്ച്, ഇന്നത്തെ തലമുറക്ക് കുറ്റകൃത്യങ്ങള്‍ പണത്തിനോ പ്രതികാരത്തിനോ മാത്രമല്ല, അതില്‍നിന്നും ആനന്ദം കണ്ടെത്തുന്നതിനുവേണ്ടിയുമാണ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലര്‍ എന്നറിയപ്പെട്ടത് വെറും ഏഴ് വയസ്സുകാരനായ ഒരു ഇന്ത്യക്കാരന്‍ ആയിരുന്നു. ആ പ്രായത്തില്‍ തന്നെ മൂന്നു കൊലപാതകങ്ങള്‍ അവന്‍ നടത്തിയിരുന്നു. ഇത്തരത്തില്‍, കൊലപാതകങ്ങള്‍ ആവേശം കൊള്ളുന്ന സംഭവങ്ങളായി മാറുകയാണ്. കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്ന പൈസയ്ക്കപ്പുറം കൂടുതല്‍ ആഗ്രഹങ്ങള്‍ ഉണ്ടാകുന്നു. അതിനായി, പതിയെ ലഹരിയിലേക്കും കുറ്റകൃത്യങ്ങളിലേക്കും വഴുതിവീഴുന്നു. അടിക്കടി സംഭവിക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും സമൂഹത്തില്‍ നിയമപാലനത്തിന്റെ ദൗര്‍ബല്യവും യുവതലമുറയുടെ വളര്‍ച്ചാ രീതിയിലുള്ള പ്രശ്‌നങ്ങളും തുറന്നുകാട്ടുന്നു.
പ്രതിരോധ മാര്‍ഗങ്ങള്‍
ഇതിനെ, ശക്തമായ രക്ഷാകര്‍തൃ നിയന്ത്രണം (പാരന്റല്‍ സൂപ്പര്‍വിഷന്‍) അല്ലെങ്കില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടുകൂടിയ ഒരു നിയന്ത്രിത ഇടപെടല്‍ ഉണ്ടാകണം. രക്ഷിതാക്കള്‍ സജീവമായ ഇമോഷണല്‍ സപ്പോര്‍ട്ട് നല്‍കുമ്പോള്‍, പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. ഇപ്പോഴത്തെ തലമുറയിലെ കുട്ടികള്‍ അവര്‍ ചെയ്യുന്നതെന്തും ‘കൂള്‍’ ആണെന്ന സമീപനമാണ് വച്ച് പുലര്‍ത്തുന്നത്. ഇവരുടെ പല തീരുമാനങ്ങളും സ്വന്തം ജീവിതത്തിനോ അതിന്റെ ദീര്‍ഘകാലപരിണിതഫലങ്ങളോ ചിന്തിച്ചിട്ടല്ല, ചിലപ്പോള്‍ പാശ്ചാത്യ ജീവിതശൈലി അനുകരിക്കാനായി കാഴ്ചവയ്ക്കുന്നവയാണ്. (പാശ്ചാത്യ രീതികള്‍ എല്ലാം തന്നെ മോശമല്ല, എന്നാല്‍ ഓരോ സമൂഹത്തിനും അതിന്റെ തനതായ മൂല്യങ്ങള്‍, സാമൂഹിക ബാധ്യതകള്‍, വ്യക്തിത്വ രൂപീകരണ രീതികള്‍ എന്നിവയുണ്ട്.) മനശാസ്ത്രപരമായി നോക്കുമ്പോള്‍, കുടുംബം, വിദ്യാഭ്യാസം, സാമൂഹികപരിസരം എന്നിവ ഒരാളുടെ സ്വഭാവരൂപീകരണത്തില്‍ നിര്‍ണായകമാണ്. എന്നാല്‍ ഇന്ന് ഇവയെ ചിലര്‍ അത്ര പ്രാധാന്യമുള്ളതെന്ന് കരുതുന്നില്ല. ഇതിനെ മറികടക്കാന്‍, രക്ഷിതാക്കള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും കുട്ടികളുമായി കൂടുതല്‍ നേരം ചെലവഴിക്കുകയും അവരുടെ വികാരങ്ങള്‍ മനസിലാക്കുകയും ചെയ്യണം.
മിക്ക കുട്ടികള്‍ക്കും തോല്‍വികള്‍ നേരിടേണ്ട സാഹചര്യമില്ല. എന്നാല്‍, തോല്‍വികളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാനും തിരിച്ചറിയാനും കഴിവുണ്ടാകേണ്ടതുണ്ട്. അങ്ങനെയുള്ള ഒരു മാനസികവികാസവും വിദ്യാഭ്യാസരീതിയും കുട്ടികള്‍ക്കില്ലെങ്കില്‍, അവര്‍ ജീവിതസാഹചര്യങ്ങളെ അതീവ പ്രയാസത്തോടെ നേരിടേണ്ടിവരും. വിദ്യാഭ്യാസ നിലവാരത്തിലും മാറ്റം കൊണ്ടുവരേണ്ടതുണ്ട്. സ്‌കൂളുകളില്‍ കൗണ്‍സലിങ് ഉണ്ടെങ്കിലും, അതില്‍ വലിയ പ്രായോഗികതയില്ല. സാമൂഹിക സ്ഥാപനങ്ങളില്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഇമോഷണല്‍ സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍ ഉണ്ടെങ്കിലും, അവ പ്രായോഗികമായി കുട്ടികള്‍ക്കു പ്രയോജനപ്പെടേണ്ടതാണ്. നൈതികപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രായോഗിക പരിശീലനം കുട്ടികള്‍ക്കു നല്‍കേണ്ടതുണ്ട്. മുന്‍പുള്ളതുപോലെ കുട്ടികള്‍ക്ക് വേണ്ടത്ര ശിക്ഷണം നല്‍കിയാല്‍ മാത്രമേ അവര്‍ക്കു മൂല്യബോധമുള്ള വിദ്യാഭാസം ലഭിക്കുകയുള്ളു. അത് അവരുടെ വ്യക്തിത്വവും സമീപനശൈലിയും രൂപപ്പെടുത്തും.
രക്ഷിതാക്കള്‍ കുട്ടികളുടെ സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ഉള്ളടക്കം നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. അനാവശ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാനും സഹായിക്കാനുമാകും. സൈബര്‍ ബുള്ളിയിങ്, ഹാനികരമായ ഉള്ളടക്കം, അപായകരമായ വെബ്‌സൈറ്റുകള്‍ എന്നിവയെ നേരിടാന്‍ രക്ഷിതാക്കളുടെ നിരീക്ഷണം അനിവാര്യമാണെന്ന് വ്യക്തമാക്കാം. ഇതേപോലെയുള്ള ആശങ്കാജനകമായ പ്രവണതകളെ (അലാമിങ് ട്രെന്‍ഡ്‌സ്) മുന്‍കൂട്ടി തിരിച്ചറിയാനും അത്യാവശ്യമുള്ള ഇടപെടലുകള്‍ നടത്താനും ഇത് സഹായിക്കും. അതോടൊപ്പം, സമൂഹത്തില്‍ മികച്ച നിയമ നിര്‍വഹണവും (ലോ എന്‍ഫോഴ്‌സ്‌മെന്റ്) അതിലൂടെ ഒരാളുടെ വ്യക്തിത്വ വികസനവും ഉറപ്പാക്കാന്‍ കഴിയും. ഇത് പ്രതിരോധിക്കാന്‍ ഉത്തരവാദിത്വമുള്ള രക്ഷാകര്‍ത്തൃത്വം (റെസ്‌പോണ്‌സിബിള്‍ പാരന്റിംഗ്), നൈതിക പാഠങ്ങള്‍ (മോറല്‍ ഫൗണ്ടേഷന്‍), മാനസിക പിന്തുണ (ഇമോഷണല്‍ സപ്പോര്‍ട്ട്) എന്നിവ പ്രധാനമാണെന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. ഈ ഘടകങ്ങള്‍ വഴി കുട്ടികളെ ക്രിമിനല്‍ പ്രവണതകളില്‍ നിന്ന് അകറ്റിയും സുരക്ഷിതരാക്കിയും വളര്‍ത്താന്‍ കഴിയും.
ജെന്‍സി തലമുറയ്ക്ക് അവരുടേതായ പ്രത്യേക ശക്തികളും ബലഹീനതകളും ഉണ്ട്. ഈ തലമുറയുടെ ഒരു പ്രധാന സവിശേഷത തുറന്ന മനസ്സും ഡിജിറ്റല്‍ ബോധവുമാണ്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കൊപ്പം വളര്‍ന്ന ഇവര്‍ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നേടിയവരാണ്. കൂടാതെ, സാമൂഹികരാഷ്ട്രീയ വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നുപറയാനും അവര്‍ സന്നദ്ധരാണ്. മുന്‍ തലമുറയെ അപേക്ഷിച്ച് കൂടുതല്‍ സ്വതന്ത്രമായ ചിന്താഗതി, സംരംഭക മനോഭാവം എന്നിവയും ജെന്‍സി യുടെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. പ്രത്യേകിച്ച്, മാനസികാരോഗ്യത്തെപ്പറ്റിയുള്ള അവബോധം ഈ തലമുറയില്‍ വളരെ ശക്തമാണ്. എന്നിരുന്നാലും, ഈ സവിശേഷതകള്‍ ചില വെല്ലുവിളികള്‍ക്കും കാരണമാകുന്നു. ക്ഷമയില്ലായ്മയും തല്‍ക്ഷണ സംതൃപ്തിയുടെയും മനോഭാവവുമാണ് ജെന്‍സിയുടെ പ്രധാന മാനസിക സ്വഭാവങ്ങള്‍. ബുദ്ധിമുട്ടുകള്‍ അതിജീവിക്കാനുള്ള കഴിവിലും വൈകാരിക പ്രതിരോധശേഷിയിലും ഇവര്‍ക്ക് കുറവുണ്ട്. ദീര്‍ഘകാല പരിശ്രമം ആവശ്യമായ ജോലികളിലും, തോല്‍വിയെ അംഗീകരിക്കേണ്ട സാഹചര്യങ്ങളിലും, നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ട് പോകുന്നതിലും ഇവര്‍ക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഡിജിറ്റല്‍ ലോകത്തെ അംഗീകാരം, സമപ്രായക്കാരുടെ അംഗീകാരം, സാമൂഹിക സ്വീകാര്യത എന്നിവയുമായി ഈ തലമുറ വളരെ കൂടുതല്‍ ആശ്രയിച്ചിരിക്കുന്നു. ടെക്‌നോളജിജെന്‍സിയുടെ പ്രധാന ശക്തിയാണെങ്കിലും അതിന്റെ അതിരില്ലാത്ത ഉപയോഗം പുതിയ വെല്ലുവിളികള്‍ക്കും വഴിവെക്കുന്നു. അമിത സ്‌ക്രീന്‍ ടൈം, വെര്‍ച്വല്‍ ലോകത്തില്‍ കൂടുതല്‍ സമയമിടപെടല്‍, യഥാര്‍ത്ഥ ജീവിതത്തിലെ സാമൂഹികബന്ധങ്ങളുടെ കുറവ് എന്നിവ ജെന്‍സിയുടെ മാനസികാരോഗ്യത്തെ നേരത്തേതിനെക്കാള്‍ കൂടുതല്‍ ബാധിക്കുന്നു. ഉത്കണ്ഠ, വിഷാദം, സാമൂഹിക താരതമ്യം, പിയര്‍ പ്രഷര്‍, അക്കാദമിക സമ്മര്‍ദ്ദം എന്നിവയും കൂടുതലായി അനുഭവപ്പെടുന്നു. ഈ വെല്ലുവിളികളെ മറികടക്കാന്‍ വ്യക്തിപരമായും സമൂഹതലത്തിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ ഉപഭോഗത്തിന് പരിധി വരുത്തല്‍, യഥാര്‍ത്ഥ ലോകത്തോടുള്ള ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കല്‍, കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍, മനോവിജ്ഞാനപരമായ ഇടപെടലുകള്‍ ഉപയോഗപ്പെടുത്തല്‍ എന്നിവ ജെന്‍സിയെ കൂടുതല്‍ മനോപ്രാപ്തിയുള്ള തലമുറയാക്കാന്‍ സഹായിക്കും.