വലിയ ആശങ്കകളുണ്ടാക്കുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകളുടെ സ്വഭാവത്തെ കുറിച്ചു വിദഗ്ധര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയാണ്
കൊച്ചി: വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളില്‍ കരുക്കളാകുന്നത് പെട്ടെന്ന് പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന യുവാക്കളും ഐടി പ്രഫഷണലുകളുമാണ്. സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് വായിച്ചറിഞ്ഞവരും വിദ്യാസമ്പന്നരും വരെ തട്ടിപ്പുകളില്‍ വീഴുന്നുവെന്നതാണ് ഗൗരവതരമായ വിഷയം. ഐടി പ്രഫഷണലുകള്‍ മുതല്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വരെ ഇത്തരക്കാരുടെ കെണിയില്‍ വീഴുന്നു. വലിയ ആശങ്കകളുണ്ടാക്കുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകളുടെ സ്വഭാവത്തെ കുറിച്ചു വിദഗ്ധര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയാണ്.
സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതിന് വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടുകള്‍ വരെ ഉപയോഗപ്പെടുത്തി തട്ടിപ്പുകള്‍ക്ക് കളമൊരുക്കുന്നുവെന്നതാണ് വസ്തുത. ആകര്‍ഷകമായ കമ്മീഷനുകള്‍ വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ജോലി ദാതാക്കളായി വേഷം മാറിയാണ് തട്ടിപ്പുകള്‍ക്ക് തുടക്കം കുറിക്കുന്നത്.
‘ഇരകള്‍ അവരുടെ ബാങ്കിങ്, യുപിഐ വിശദാംശങ്ങള്‍ പങ്കിട്ടുകഴിഞ്ഞാല്‍, അവരുടെ അക്കൗണ്ടുകള്‍ നിയമവിരുദ്ധമായ പണ കൈമാറ്റത്തിന് ഉപയോഗിക്കുന്നു. ഇങ്ങനെ ഉപയോഗിക്കപ്പെടുന്ന അക്കൗണ്ടുകളെ ‘മ്യൂള്‍ അക്കൗണ്ടുകള്‍’ എന്നാണ് വിളിക്കുന്നത്. തട്ടിപ്പില്‍ അറിയാതെ ആണെങ്കിലും കൂട്ടുനില്‍ക്കുന്നവര്‍ക്ക് പണം നഷ്ടപ്പെടുക മാത്രമല്ല, ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടി വന്നേക്കാം’ എന്നാണ് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഇത്തരം തട്ടിപ്പുകളെ ഒരു സാധാരണ സാമ്പത്തിക തട്ടിപ്പുകളുടെ ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഇത് ഒരു വലിയ ക്രിമിനല്‍ ശൃംഖലയുടെ ഭാഗമാകാമെന്നും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുമെന്നും. വിശ്വസനിയമല്ലാത്ത, അല്ലെങ്കില്‍ സംശയം ജനിപ്പിക്കുന്ന ഓഫറുകളിലും ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കുന്നു.
തട്ടിപ്പുകാര്‍ സാധാരണയായി സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെയോ നേരിട്ടുള്ള അന്വേഷണങ്ങളിലൂടെയോ ഇരകളെ സമീപിക്കാറുണ്ട്, ആകര്‍ഷകമായ ശമ്പളം/കമ്മീഷനുകള്‍ ഉള്ള ലാഭകരമായ പാര്‍ട്ട് ടൈം അല്ലെങ്കില്‍ ഓണ്‍ലൈന്‍ ജോലികള്‍ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, അവര്‍ ജോലിയെക്കുറിച്ച് വ്യക്തമായ വിശദാംശങ്ങള്‍ നല്‍കുന്നത് വളരെ അപൂര്‍വമാണ്. ചിലപ്പോള്‍, ഷെയര്‍ ട്രേഡിങ്ങിനോ മാര്‍ക്കറ്റിങ് ഇടപാടുകള്‍ക്കോ ജീവനക്കാരെ ആവശ്യമുണ്ട് എന്നതുപോലുള്ള ബോധ്യപ്പെടുത്തുന്ന കഥകള്‍ അവര്‍ മെനയുന്നു. ഇരയുടെ വിശ്വാസം നേടിക്കഴിഞ്ഞാല്‍, അവര്‍ വ്യക്തിഗത ബാങ്ക്, യുപിഐ അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നതുമാണ രീതി. ഇരയുടെ അക്കൗണ്ടിലേക്ക് വലിയ തുകകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയും കമ്മീഷന്‍ കുറച്ച് മറ്റൊരു അക്കൗണ്ടുകളിലേക്ക് അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതിം. എളുപ്പത്തില്‍ വരുമാനം നേടാമെന്ന് പറഞ്ഞ് വിശ്വസിച്ചാണ് പലരും തട്ടിപ്പില്‍ വീഴുന്നത്.
സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ആദ്യഘട്ടമാണെന്ന് ദക്ഷിണ മേഖലാ ഐജി എസ് ശ്യാംസുന്ദര്‍ പറയുന്നു. വിവിധ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചോ അല്ലെങ്കില്‍ ഇരകള്‍ പങ്കിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമരഹിതമായി ഇരയെ തെരഞ്ഞെടുക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരത്തില്‍ കുറഞ്ഞത് 10 കോളുകളെങ്കിലും തനിക്ക് ലഭിച്ചതായും ശ്യാംസുന്ദര്‍ പറഞ്ഞു.
ഈ ഇടപാടുകള്‍ക്ക് പിന്നിലെ അപകടസാധ്യതകളും യഥാര്‍ത്ഥ ലക്ഷ്യവും അറിയാമെങ്കിലും നിരവധി യുവാക്കള്‍ ഇത്തരം കെണികളില്‍ വീഴുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പുകള്‍ പലപ്പോഴും താഴ്ന്ന വരുമാനക്കാരായ വ്യക്തികളെയാണ് ലക്ഷ്യമിടുന്നത്, അവര്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എളുപ്പത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കുമെന്നത് തട്ടിപ്പുകാര്‍ മുതലാക്കുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ സൃഷ്ടിച്ച് കെവൈസി ചോദിക്കുമ്പോള്‍ അവ പൂര്‍ത്തിയാക്കാതെ തന്നെ ചെറിയ കാലയളവിലേക്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത് തട്ടിപ്പുകാര്‍ മുതലാക്കുന്നു. ചില ബാങ്ക് മാനേജര്‍മാര്‍ ഈ തട്ടിപ്പുകള്‍ക്ക് സൗകര്യമൊരുക്കുന്നതായി പറയപ്പെടുന്നു. ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ശ്യാംസുന്ദര്‍ പറഞ്ഞു.
സാമൂഹിക പ്രശ്‌നം
ഇത്തരം തട്ടിപ്പുകളെ ഒരു സാമൂഹിക പ്രശ്‌നമായി കാണണമെന്നും നിയമത്തെ കുറിച്ച് ആശങ്കയില്ലാതെ എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള നിരവധി യുവാക്കള്‍ തട്ടിപ്പുകളില്‍ വീഴുന്നതായും സൈബര്‍ സുരക്ഷാ വിദഗ്ധന്‍ നന്ദകിഷോര്‍ ഹരികുമാര്‍ പറഞ്ഞു. സംശയാസ്പദമായ നിരവധി ഓഫറുകള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയയുടെ പങ്കും ഗൗരവതരമാണ്.ഇക്കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളും നിരീക്ഷണവും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗൗരവമുള്ളതായി തോന്നാത്ത ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഒടുവില്‍ ജാമ്യമില്ലാത്ത കുറ്റകൃത്യങ്ങളിലേക്കോ ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തുന്നതിലേക്കോ നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
മ്യൂള്‍ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് തുടക്കത്തില്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം കൈമാറുന്നതിനായി ഗണ്യമായ തുക ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ (സൈബര്‍ ക്രൈം) എം കെ മുരളി പറയുന്നു. ഇതിന് 2,000 രൂപ മുതല്‍ 5,000 രൂപ വരെ താരതമ്യേന ചെറിയ തുകകള്‍ അവര്‍ക്ക് ലഭിക്കും.
സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ പണം ലഭിക്കുന്നത് മയക്കുമരുന്ന് ഉപഭോഗത്തിനോ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും എം കെ മുരളി പറയുന്നു.
കേരളത്തിലുടനീളമുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍
2016 – 283
2017 – 320
2018 – 340
2019 – 307
2020 – 426
2021 – 626
2022 -773
2023 – 3,295
2024 -(നവംബര്‍ വരെ) 3,346