‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസമായത് ആ കോണ്‍ഗ്രസ് തലമുറ’; പിജിയെ ഓര്‍ക്കുമ്പോള്‍

ഇരുപതിലധികം ദശകങ്ങള്‍ വേണ്ടി വന്നു സിപിഎമ്മിന് പിജിയുടെ പ്രവചന സ്വഭാവമുള്ള വാക്യങ്ങളുടെ പ്രായോഗികത മനസിലാക്കാന്‍

തിരുവനന്തപുരം: ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ വളര്‍ച്ചയ്ക്ക് തടസമായത് എകെ ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി വിഎം സുധീരന്‍ എന്നിവരുള്‍പ്പെടുന്ന കോണ്‍ഗ്രസ് തലമുറയുണ്ടാക്കിയ മാറ്റമാണ്, കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പിന്റെ പ്രധാനപ്പെട്ട സംഗതി കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ക്രിസ്ത്യന്‍, മുസ്ലിം ന്യുനപക്ഷങ്ങള്‍ക്കുള്ള വിശേഷ അധികാരമാണ്. അവരില്‍ നിന്ന് ഒരു വിഭാഗത്തെ കിട്ടാതെ ഇടത് പക്ഷത്തിന് മുന്നോട്ടുള്ള യാത്ര പ്രയാസമാണ്’.കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദ പിള്ളയുടെ ഒരു അഭിമുഖത്തിലെ വാക്കുകളാണിവ.

ഇരുപതിലധികം ദശകങ്ങള്‍ വേണ്ടി വന്നു സിപിഎമ്മിന് പിജിയുടെ പ്രവചന സ്വഭാവമുള്ള വാക്യങ്ങളുടെ പ്രായോഗികത മനസിലാക്കാന്‍. പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎം ആരംഭിച്ച രാഷ്ടീയ പരീക്ഷണങ്ങള്‍ 2025 ല്‍ അതിന്റെ ഉന്നതിയില്‍ എത്തി നില്‍ക്കുമ്പോള്‍ അത് കടന്നു വന്ന വഴികള്‍ എത്ര ദുര്‍ഘടം പിടിച്ചത് ആയിരുന്നുവെന്ന് മനസില്ലവും. 90കളുടെ മധ്യത്തില്‍ ഐഎന്‍എല്‍ ബന്ധവത്തില്‍ തുടങ്ങി, പി ഡി പി വഴി മുന്നോട്ട് പോയ പരീക്ഷണങ്ങള്‍ക്ക് വിഎസ് അച്യുതാനന്ദന്റെ പ്യൂരിറ്റാന്‍ കമ്മ്യൂണിസ്റ്റ് മൂല്യവും മാധ്യമങ്ങളുടെ വിമര്‍ശനോത്മുഖ സഹായഹസ്തവും കൂടി ആയതോടെ താഴെ വീഴുആയിരുന്നു.

എന്നാല്‍ മുസ്ലിം സമുദായ പാര്‍ട്ടികളുടെ തോളിലേറിയുള്ള രാഷ്ട്രീയ പ്രയാണം സിപിഎം അവസാനിപ്പിക്കുകയും പിണറായി വിജയന്‍ പാര്‍ട്ടിയെ മറ്റ് സമുദായങ്ങളിലേക്ക് എത്തിക്കാന്‍ സോഷ്യല്‍ എഞ്ചിനീയറിങ് വഴികള്‍ ആരംഭിക്കുകയും ചെയ്തതോടെ സിപിഎം പുതുവഴി വോട്ട് രാഷ്ട്രീയത്തില്‍ വെട്ടി തുറന്നു. 2016 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021 ല് നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ സമ്മാനിച്ച ആത്മവിശ്വാസം ആണ് 2025 ല്‍ സിപിഎമ്മിന്റെ സംഘടന സമ്മേളനങ്ങളിലും പ്രതിഫലിപ്പിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിനെയും സംസ്ഥാന സമിതിയെയും തെരഞ്ഞെടുക്കുമ്പോള്‍ ഒരു സ്റ്റാലിനിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് എഴുതി തള്ളിയ രാഷ്ട്രീയ പ്രസ്ഥാനം മറ്റ് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അസൂയ ജനിപ്പിക്കുന്ന വിധം സോഷ്യല്‍ എഞ്ചിനീയറിങ് എങ്ങനെ നടപ്പാക്കി എന്നതിന്റെ വസ്തുതാ ഉദാഹരണം കൂടിയാണ്.