കപ്പലില്‍ കയറി കടല് ചുറ്റിയടിക്കാന്‍ വായോ; സോറി ഗയ്സ്, ഇത് സ്ത്രീകള്‍ക്ക് മാത്രമാണ്, സേഫാണ്!

ഈ മാര്‍ച്ച് 8 വനിതാദിനത്തില്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലും കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍നും (കെ.എസ്.ഐ.എന്‍.സി) ചേര്‍ന്നാണ് സുരക്ഷിതമായി സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള കപ്പല്‍ യാത്ര ഒരുക്കുന്നത്.

കൊച്ചി: യാത്ര ചെയ്യാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. കാടും മലയും കടലും ഒക്കെ താണ്ടി യാത്ര ചെയ്യുമ്പോള്‍ കിട്ടുമ്പോഴുള്ള ആ അനുഭൂതി അനുഭവിച്ച് തന്നെയറിയണം. അത്തരമൊരു അവസരം ഒത്തുചേര്‍ന്നിരിക്കുകയാണ്.

സോറി ഗയ്സ്, ഇത് ആണുങ്ങള്‍ക്കുള്ളതല്ല സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ളതാണ്. കപ്പല് കയറി അറബിക്കടലിന്റെ തിരമാലകള്‍ മുറിച്ച് ആഴക്കടലില്‍ യാത്ര ചെയ്യാനും കാടും മലയും കയറാനും അമ്യൂസ്മെന്റ് പാര്‍ക്കില്‍ പോയി തകര്‍ത്തു ഉല്ലസിക്കാനുമുള്ള ‘വിമണ്‍സ് ഒണ്‍ലി ട്രിപ്പ് ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഒരു ഗംഭീര അവസരം വന്നുചേര്‍ന്നിരിക്കുകയാണ്.

ഈ മാര്‍ച്ച് 8 വനിതാദിനത്തില്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലും കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍നും (കെഎസ്ഐഎന്‍.സി) ചേര്‍ന്നാണ് സുരക്ഷിതമായി സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള കപ്പല്‍ യാത്ര ഒരുക്കുന്നത്. ഈ യാത്രയ്ക്കായി തയ്യാറാക്കിയിരിക്കുന്നത് കെഎസ്ഐഎന്‍സി-യുടെ മിനി ലക്ഷ്വറി കപ്പലായ നെഫെര്‍റ്റിറ്റിയാണ്.

കെഎസ്ഐഎന്‍സിയുടെ ആദ്യ കടല്‍ യാത്ര ആഡംബര കപ്പലായ നെഫെര്‍റ്റിറ്റിയിലെ യാത്ര തന്നെ അവിസ്മരണിയമായ ഒരു അനുഭവമായിരിക്കും. പുരാതന ഈജിപ്തിന്റെ ഫറവോ ആയ അഖെനാറ്റന്റെ രാജ്ഞിയുടെ നാമത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കപ്പലിന് നെഫെര്‍റ്റിറ്റി എന്ന പേര് നല്‍കിയിരിക്കുന്നത്. ആ പേര് പോലെ തന്നെ ഈ കപ്പല്‍യാത്രയും രാജകീയമാണ്. എയര്‍കണ്ടീഷന്‍ ചെയ്ത അകത്തളങ്ങള്‍, ഗംഭീരമായ വിരുന്ന് ഹാള്‍, ലോഞ്ച് ബാറുള്ള റെസ്റ്റോറന്റ്, മിനി തിയേറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സംഗീത – നൃത്ത പ്രകടനങ്ങള്‍, കാഴ്ചകള്‍ക്കായി സണ്‍ ഡെക്ക് ഇങ്ങനെ പലതും സ്ത്രീകള്‍ക്ക് മാത്രമായി ഉല്ലസിക്കാന്‍ നെഫെര്‍റ്റിറ്റി ഒരുക്കിയിട്ടുണ്ട്. കപ്പല്‍ യാത്രയില്‍ ഡോള്‍ഫിനുകള്‍ കുതിക്കുന്ന കാഴ്ചകളും സൂര്യസ്തമയത്തില്‍ അലകളടിച്ചുയരുന്ന അറബിക്കടിന്റെ ഭംഗിയും ഒക്കെ ആസ്വദിക്കാന്‍ അവസരമുണ്ടാകും.

സ്ത്രീ ശക്തീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗം കൂടിയാണ് വനിതാദിനത്തിലെ സ്ത്രീകള്‍ക്കായിട്ടുള്ള ഈ യാത്ര ഒരുക്കിയിരിക്കുന്നത്. കപ്പല്‍ യാത്രയ്ക്ക് മുന്നോടിയായി വിവിധ ഡിപ്പോകളില്‍ നിന്നും എത്തിച്ചേരുന്ന ഏറ്റവും മുതിര്‍ന്ന വനിതകളെ ആദരിക്കുന്ന ചടങ്ങും കൊച്ചിയില്‍ വെച്ചു നടത്തുന്നുണ്ട്. കെ.എസ്.ഐ.എന്‍.സിയുടെ സി.എം.ഡി ഗിരിജാ ഐ.എ.എസ്സ് ചടങ്ങില്‍ പങ്കെടുക്കും.

കപ്പല്‍ യാത്രയുടെ ഭാഗമായി 150-ഓളം സ്ത്രീകള്‍ വനിതാദിനത്തില്‍ കപ്പല്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. പയ്യന്നൂര്‍ (38), തൃശൂര്‍ (35), ചെങ്ങന്നൂര്‍(42), കൊല്ലം (35) തുടങ്ങിയ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നുള്ള സ്ത്രീകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. പ്രശസ്ത സിനിമാതാരം ആതിര ഹരികുമാര്‍ യാത്രയില്‍ മുഴുവന്‍ സമയം യാത്രയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കൊപ്പമുണ്ടാകും.

വനിതാദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ വിവിധ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്ന് സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള പ്രത്യേക ട്രിപ്പുകളും ഉണ്ടാവും. കടല്‍ യാത്ര കൂടാതെ കാടും മലയും അമ്യൂസ്മെന്റ് പാര്‍ക്കുകളും ഉള്‍പ്പടെയുള്ള കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കാണ് വനിതകള്‍ക്ക് മാത്രമായിട്ടുള്ള പ്രത്യേക യാത്രകള്‍ ഉണ്ടാവുക. എറണാകുളത്തെ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ-യിലേക്കും ഇടുക്കിയിലെ അഞ്ചുരുളി, രാമക്കല്‍മേടിലേക്കും വിവിധ ഡിപ്പോകളില്‍ നിന്നുള്ള വ്യത്യസ്ത ട്രിപ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ ട്രിപ്പുകളും സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ളതാണ്. യാത്രകള്‍ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം: 9846475874