കണ്ണൂര്‍ അപകടം: സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡി റിപ്പോര്‍ട്ട് ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കണ്ണൂര്‍: കണ്ണൂരില്‍ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡി പ്രാഥമിക റിപ്പോര്‍ട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. അപകടകാരണം. അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രഥമിക നിഗമനം.

ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ശ്രദ്ധ പാളിയതാകാന്‍ സാധ്യതയുടെന്നും എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03-ന് ഡ്രൈവര്‍ നിസാം വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിസാമുദ്ദീന്‍ പറഞ്ഞു. വാട്സ് ആപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ടതാണ്. അപ് ലോഡാകാന്‍ സമയമെടുത്തതാകാമെന്ന് നിസാമുദ്ദീന്‍ പറഞ്ഞു.

അപകടത്തില്‍ മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യയുടെ സംസ്‌കാരം ഇന്ന് നടക്കും. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നേദ്യ പഠിച്ച കുറുമാത്തൂര്‍ ചിന്മയ യുപി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. അപകടത്തില്‍ പരിക്കേറ്റ പതിനെട്ട് കുട്ടികളില്‍ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവര്‍ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇറക്കത്തില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് മറിയാന്‍ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി.