ന്യൂഡല്‍ഹി: 82-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ ഇന്ത്യന്‍ ചലച്ചിത്ര പ്രേമികള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ സിനിമ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് പുരസ്‌കാരമില്ല. പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലച്ചിത്രത്തിനുള്ള അവാര്‍ഡിനും മികച്ച സംവിധായകനുള്ള അവാര്‍ഡിനുമാണ് മത്സരിച്ചത്. ഫ്രഞ്ച് ചിത്രം എമിലിയ പെരസിനാണ് മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലച്ചിത്രത്തിനുള്ള അവാര്‍ഡ്. മികച്ച സംവിധാനത്തിനുള്ള പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട പായല്‍ കപാഡിയ്ക്കും അവാര്‍ഡ് ലഭിച്ചില്ല.
എമിലിയ പെരസ്, ഐ ആം സ്റ്റില്‍ ഹിയര്‍, ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ് എന്നിവയ്ക്കൊപ്പമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇംഗ്ലീഷ് ഇതര ഭാഷാ ചലച്ചിത്രത്തിനുള്ള അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. പുരസ്‌കാരം ലഭിച്ചില്ലെങ്കിലും, ഈ വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ചരിത്രം സൃഷ്ടിച്ചു.
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് മൂന്ന് ബാഫ്റ്റ അവാര്‍ഡുകള്‍ക്കും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെയാണ് ബ്രിട്ടീഷ് അക്കാദമി 2024 ലെ ബാഫ്റ്റ ഫിലിം അവാര്‍ഡുകള്‍ക്കുള്ള പട്ടിക പുറത്തിറക്കിയത്. മികച്ച സംവിധായകന്‍, ഒറിജിനല്‍ തിരക്കഥ, ഇംഗ്ലീഷ് ഭാഷയിലല്ലാത്ത മികച്ച ചിത്രം എന്നി വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.
കഴിഞ്ഞ മാസം നടന്ന 2025 ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡുകളില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷനും ഈ ചിത്രം നേടിയിട്ടുണ്ട്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്‌സ് നേടിയ ആദ്യ ഇന്ത്യന്‍ ചിത്രമായി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം സൃഷ്ടിച്ചിരുന്നു.