‘ഓപ്പറേഷന്‍’ ഊര്‍ജ്ജിതമാക്കി പാക് സൈന്യം; പിന്മാറിയില്ലെങ്കില്‍ പൂര്‍ണമായി നശിപ്പിക്കുമെന്ന് ഭീകരരുടെ ഭീഷണി; ട്രെയിന്‍ റാഞ്ചല്‍ വീഡിയോ പുറത്ത്

‘പാകിസ്ഥാന്‍ സൈന്യം തടങ്കലിലാക്കിയ മുഴുവന്‍ ബിഎല്‍എ പ്രവര്‍ത്തകരേയും 48 മണിക്കൂറിനകം മോചിപ്പിക്കണം’

ലാഹോര്‍: പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഭീകരര്‍ റാഞ്ചിയെ ട്രെയിനിലെ ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിക്കാന്‍ ശ്രമം ഊര്‍ജ്ജിതമാക്കി പാക് സൈന്യം. പൂര്‍ണതോതിലുള്ള മിലിട്ടറി ഓപ്പറേഷന്‍ ആരംഭിച്ചതായി സൈന്യം അറിയിച്ചു. അതേസമയം ഓപ്പറേഷനില്‍ നിന്നും സൈന്യം പിന്‍വാങ്ങിയില്ലെങ്കില്‍ 10 ബന്ദികളെ ഉടന്‍ വധിക്കുമെന്ന് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഭീകരര്‍ ഭീഷണി മുഴക്കി.

പാകിസ്ഥാന്‍ സൈന്യം തടങ്കലിലാക്കിയ മുഴുവന്‍ ബിഎല്‍എ പ്രവര്‍ത്തകരേയും 48 മണിക്കൂറിനകം മോചിപ്പിക്കണം. അല്ലെങ്കില്‍ പൂര്‍ണമായി നശിപ്പിക്കുമെന്നും ഭീകരര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. മോചനത്തിനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയ പാക് സൈന്യം, ബന്ദികളാക്കിയവര്‍ക്കൊപ്പം ചാവേറുകള്‍ ഉണ്ടോയെന്നും സംശയം ഉയര്‍ത്തിയിട്ടുണ്ട്. ദുര്‍ഘടമായ മലനിരകളും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.

ഭീകരര്‍ റാഞ്ചിയ ജാഫര്‍ എക്‌സ്പ്രസില്‍ നിന്നും ഇതിനോടകം 155 ബന്ദികളെ മോചിപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടലില്‍ 27 ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. എന്നാല്‍ ട്രെയിനില്‍ ബന്ദികളായി എത്രപേര്‍ അവശേഷിക്കുന്നു എന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. ഭീകരതക്കെതിരായ പോരാട്ടം തുടരുമെന്നും, പാകിസ്ഥാനില്‍ അശാന്തിയും കുഴപ്പങ്ങളും സൃഷ്ടിക്കാനുള്ള എല്ലാ ഗൂഢാലോചനകളും പരാജയപ്പെടുത്തുമെന്നും പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു.

അതിനിടെ, ട്രെയിന്‍ റാഞ്ചുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണ് വീഡിയോ പുറത്തു വിട്ടത്. മലനിരകള്‍ക്കിടയിലൂടെ ട്രെയിന്‍ പോകുന്നതും, ചെറു സ്‌ഫോടനവും ഇതിന് പിന്നാലെ ട്രെയിനിന്റെ മുന്‍ കോച്ചുകളില്‍ നിന്ന് കറുത്ത പുക ഉയരുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് നിര്‍ത്തിയ ട്രെയിനിന് സമീപത്തേക്ക് ആയുധധാരികളായ ഭീകരര്‍ എത്തുന്നതും യാത്രക്കാരെ ബന്ദികളാക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.