ഇപ്പോള്‍ പ്രണയം കേരളത്തിനോട്, മലയാളികളായ വിദേശ വനിതകള്‍

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ആകാശവാണിയും ചാവറ കള്‍ച്ചറല്‍ സെന്ററും സംഘടിപ്പിച്ച പരിപാടിയിലായുരുന്നു നാല് വനിതകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചത്

കോഴിക്കോട്: കേരളത്തിന്റെ മരുമക്കള്‍, സാരി മുതല്‍ സിന്ദൂരം വരെ അടിമുടി മലയാളികളായ വിദേശ വനിതകള്‍. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മലയാള നാട് നല്‍കിയ സ്‌നേഹവും കരുതലും അനുഭവങ്ങളും തുറന്നുപറയുകയാണ് മലയാളികളെ വിവാഹം ചെയ്ത് കേരളത്തില്‍ സ്ഥിരതാമസമാക്കിയ വിദേശ വനിതകള്‍.

റഷ്യന്‍ പൗരയായ ഓള്‍ഗ പാര്‍ഡോ, ചൈനക്കാരിയായ ലി തായിംഗ്, ബെല്‍ജിയം സ്വദേശിയായ ആന്‍ മേരി, ഫിലിപ്പീന്‍സില്‍ നിന്നുള്ള മെലാനി മാര്‍ക്വേസ് കേരളത്തിന്റെ വിദേശി മരുമക്കളായി ഒരു ദശാബ്ദത്തിലേറെയായി കേരളത്തിലുണ്ട് ഇവർ. തീര്‍ത്തും വ്യത്യസ്ഥമായ പശ്ചാത്തലത്തില്‍ നിന്നും കേരളത്തിലെത്തിയ ഇവര്‍ ഈ നാടിന്റെ സംസ്‌കാരവുമായി ഇണങ്ങിച്ചേരുകയായിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ആകാശവാണിയും ചാവറ കള്‍ച്ചറല്‍ സെന്ററും സംഘടിപ്പിച്ച പരിപാടിയിലായുരുന്നു നാല് വനിതകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചത്. സാരി മുതല്‍ സിന്ദൂരം വരെ ഇന്ന് ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ജീവിത സാഹചര്യങ്ങളുമായി ഇണങ്ങാന്‍ അത്യാവശ്യം പരിശ്രമിക്കേണ്ടിവന്നിട്ടുണ്ടെന്നും നാലുപേരും സാക്ഷ്യപ്പെടുത്തുന്നു

റഷ്യയില്‍ നിന്നും കേരളത്തിലെ മുസ്ലീം കുടുംബ പശ്ചാത്തലത്തിലേക്ക് ആണ് ഓള്‍ഗ പാര്‍ഡോ എത്തിയത്. കുടുംബം തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചെങ്കിലും തുടക്കത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. ”റഷ്യയും ഇന്ത്യയും തമ്മില്‍ വലിയ സാംസ്‌കാരിക വ്യത്യാസമുണ്ട്. ഞാനും എന്റെ ഭര്‍ത്താവും കോഴിക്കോട് സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ ആവേശം എനിക്കായിരുന്നു. തുടക്കത്തില്‍ പക്ഷേ എളുപ്പമായിരുന്നില്ല; അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ വസ്ത്രധാരണത്തെയും ജീവിതശൈലിയെയും കുറിച്ച് ആശങ്കകളുണ്ടായിരുന്നു. കാലക്രമേണ, ഇരു സംസ്‌കാരങ്ങളും തമ്മില്‍ ഇഴുകി ചേര്‍ന്നു. നമ്മള്‍ ജീവിക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞാല്‍ ജീവിതം മെച്ചപ്പെടും,” ഓള്‍ഗ പറഞ്ഞു.

ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്താണ് ചൈനക്കാരിയായ ലീയുടെ കോഴിക്കോടന്‍ ജീവിതം. ‘ഇവിടുത്തെ ജീവിതം വളരെ ഇഷ്ടമാണ്. എന്റെ ഭര്‍ത്താവിന്റെ കുടുംബം എന്നെ ഒരിക്കലും മാറ്റത്തിന് നിര്‍ബന്ധിച്ചിട്ടില്ല. ചൈനയില്‍ നിന്നും ഇവിടെയെത്തിയപ്പോള്‍ എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. കുട്ടികളെ പരിപാലിക്കാന്‍ വേണ്ടിയായിരുന്നു ജോലി ഉപേക്ഷിച്ചത്. അവര്‍ വലുതായാല്‍ ഞാന്‍ വീണ്ടും ജോലി ചെയ്യാന്‍ തുടങ്ങും,’ ലി പറഞ്ഞു.

‘ചൈനീസ് ഉത്സവാഘോഷങ്ങളാണ് ഇവിടെ എത്തിയപ്പോള്‍ നഷ്ടപ്പെട്ടത്. ഇവിടെ, ഞാന്‍ വ്യത്യസ്തമായ ഒരു സാംസ്‌കാരിക പശ്ചാത്തലത്തിലാണ് ജീവിക്കുന്നത്. എന്റെ പാരമ്പര്യങ്ങള്‍ ആഘോഷിക്കുമെന്ന് എനിക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ല,’ ലി പറഞ്ഞു.

ശാസ്ത്രജ്ഞയാണ് ബെല്‍ജിയം സ്വദേശിയായ ആന്‍ മേരി, കേരളത്തിലേക്കുള്ള പറിച്ചുനടല്‍ ആന്‍ മേരിക്ക് നഷ്ടമാക്കിയത് തന്റെ പ്രൊഫഷന്‍ ആയിരുന്നു. ‘രക്താര്‍ബുദ ചികിത്സിക്കുന്നതിനുള്ള മോണോക്ലോണല്‍ ആന്റിബോഡികള്‍ സംബന്ധിച്ച് വിഷയത്തില്‍ ഗവേഷകയാണ് ഞാന്‍. കേരളത്തിലേക്ക് താമസം മാറിയപ്പോള്‍, ഒരു ജോലി കണ്ടെത്താന്‍ ശ്രമിച്ചു, പക്ഷേ നടന്നില്ല. അമിത യോഗ്യതയുണ്ടാകാം, അവസരങ്ങളുടെ അഭാവം നിരാശ ബോധം സൃഷ്ടിച്ചു.’ അവര്‍ പറഞ്ഞു.

എന്നാല്‍, സാംസ്‌കാരികമായ മാറ്റങ്ങളും വെല്ലുവിളികളും നിരവധിയായി മുന്നിലുണ്ടായിട്ടും കേരളം അവരുടെ വീടായി മാറിയെന്ന് നാലുപേരും സമ്മതിക്കുന്നു. ഇപ്പോഴും സ്വന്തം നാടുമായി നല്ല ബന്ധം തുടരാന്‍ കഴിയുന്നുണ്ടെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.