‘ഇനി സഹിക്കാനാകില്ല’, അതിക്രമങ്ങളെ നേരിടാന്‍ കേരളത്തിലെ സ്ത്രീകള്‍ കരുത്തരാകുന്നു: റിപ്പോര്‍ട്ട്

കുടുംബശ്രീ സംസ്ഥാനത്ത് നടത്തുന്ന ക്രൈം മാപ്പിങ് സര്‍വേയിലാണ് സ്ത്രീ മുന്നേറ്റത്തിന്റെ കണക്കുകള്‍ പറയുന്നത്
കൊച്ചി: നിശബ്ദമായിരിക്കാനില്ല, വീട്ടിലോ, ജോലിസ്ഥലത്തോ, പൊതുസ്ഥലത്തോ തങ്ങള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും പോരാടുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തിരിച്ചറിയുന്നതിനും ഇരകള്‍ക്ക് മതിയായ സഹായം നല്‍കുന്നതിനുമായി കുടുംബശ്രീ സംസ്ഥാനത്ത് നടത്തുന്ന ക്രൈം മാപ്പിങ് സര്‍വേയിലാണ് സ്ത്രീ മുന്നേറ്റത്തിന്റെ കണക്കുകള്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രൈം മാപ്പിങ് സര്‍വേകൂടിയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.

എറണാകുളം ജില്ലയിലെ ആലങ്ങാട്, കഞ്ഞൂര്‍, കുഴുപ്പിള്ളി, ചേന്ദമംഗലം, മുടക്കുഴ, വാരപ്പെട്ടി എന്നീ ആറ് പഞ്ചായത്തുകളില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ സര്‍വേയിലാണ് പ്രതീക്ഷ നല്‍കുന്ന കണക്കുകളുള്ളത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ശാരീരിക, ലൈംഗിക അതിക്രമങ്ങള്‍, എന്നിവയ്ക്ക് ഒപ്പം വാക്കാലുള്ളതും, മാനസികവും, വൈകാരികവും, സാമൂഹികവുമായ രീതികളില്‍ നേരിട്ട അധിക്ഷേപങ്ങളെ നേരിട്ടതെങ്ങനെ എന്നുള്ളതടക്കം വിവരങ്ങളാണ് തേടിയത്. ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കുന്നവരുടെയും നിയമ സഹായം തേടുന്നവരുടെയും എണ്ണം വര്‍ധിച്ചു എന്നും സര്‍വേ അടിവരയിടുന്നു. 18-48 വയസിനിടയിലെ 5,600 പേരാണ് സര്‍വേയോട് പ്രതികരിച്ചത്.

ജീവിത പങ്കാളികള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഉദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍, അപരിചിതര്‍ തുടങ്ങിയവരില്‍ നിന്നും സാമ്പത്തിക ചൂഷണം നേരിട്ട സ്ത്രീകളില്‍ 1174 പേര്‍ ഇതിനെതിരെ പൊലീസിനെ സമീപിച്ചു. എന്നാല്‍ 1033 പേര്‍ ഇത്തരം സംഭവങ്ങളില്‍ നിശബ്ദത തുടര്‍ന്നു എന്നും സര്‍വേ പറയുന്നു. ശാരീരിക അതിക്രമങ്ങളുടെ കാര്യത്തില്‍ 912 സ്ത്രീകള്‍ നിയമ നടപടികള്‍ സ്വീകരിച്ചപ്പോള്‍ 780 പേര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും സര്‍വേയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച കുടുംബശ്രീ അധികൃതര്‍ പ്രതികരിച്ചു.

തങ്ങള്‍ നേരിട്ട അതിക്രമങ്ങളോട് പ്രതികരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും മറുവശത്ത് മറ്റ് വഴികള്‍ തേടുന്നവരും നിരവധിയുണ്ടെന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു. പലരും അതിക്രമങ്ങള്‍ നേരിട്ട സാഹചര്യങ്ങളോട് അകലം പാലിക്കുകയാണ് ചെയ്യുന്നത്. ചിലര്‍ തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് അടുപ്പമുള്ളവരോട് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. വിവിധ സംഘടനകളുടെ സഹായം തേടിയവരും ജോലി പോലും വേണ്ടെന്ന് വച്ചരും ഈ കൂട്ടത്തില്‍പ്പെടുന്നു. തങ്ങളുടെ പ്രശ്‌നം മൂലമാണ് തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായതെന്ന് കരുതുന്നവരും വലിയൊരു വിഭാഗം സ്ത്രീകള്‍ക്കിടയിലുണ്ട്.

പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ നിന്നും 50 പേര്‍ എന്ന നിലയിലാണ് സര്‍വേയ്ക്ക് ആവശ്യമായ സാംപിളുകള്‍ കണ്ടെത്തിയത്. ഗൂഗിള്‍ ഫോം വഴിയും നേരിട്ടും വിവരങ്ങള്‍ ശേഖരിച്ചു. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരും പ്രതികരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 2962 പേര്‍ തൊഴില്‍ രഹിതരാണ്. 44 പേര്‍ വിദ്യാര്‍ത്ഥികളും 575 പേര്‍ സ്വകാര്യ മേഖലയിലും, 1150 പേര്‍ പൊതുമേഖല സ്ഥാപനങ്ങളിലും ജോലിനോക്കുന്നവരാണ്. 930 പേര്‍ സ്വയം തൊഴില്‍ ചെയ്യുന്നവരുമാണ്. സര്‍വേ റിപ്പോര്‍ട്ടിലെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട ഇടപെടലുകള്‍ സജീവമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് എന്നു കുടുംബശ്രീ അധികൃതര്‍ പറയുന്നു.