ഇനി ശബ്ദവും കേൾവിയും അളന്നു കേൾക്കാം, ആപ്പ് ഉണ്ട്

കേൾവിശക്തി അളവുക്കുന്നതിന് ലോകാരോ​ഗ്യ സംഘടന പുറത്തിറക്കിയ ആപ്പാണ് ഹിയർ ഡബ്യുഎച്ച്ഒ.

പരിധിക്കപ്പുറം ചെവിക്കുള്ളിലേക്ക് എത്തുന്ന ശബ്ദം കേൾവിയെ ബാധിക്കും. എന്നാൽ ഏറ്റവും സുരക്ഷിതമായ ശബ്ദ പരിധി എത്രയാണ്, അത് എങ്ങനെ അളക്കാം എന്ന സംശയം മിക്ക ആളുകൾക്കും ഉണ്ടാകും. മനുഷ്യർക്ക് കേൾക്കാവുന്ന സുരക്ഷിതമായ ശബ്ദനില എന്നത് 70 ഡെസിബെൽ അല്ലെങ്കിൽ അതിന് താഴെയാണ്. അതിന് അപ്പുറത്തേക്ക് ശബ്ദം ഉയരുന്നത് കേൾവി തകരാറിന് കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

88 ഡെസിബെലിൽ നാല് മണിക്കൂറും, 95 ഡെസിബലിൽ ഒരു മണിക്കൂറും, 105 ഡെസിബലിൽ വെറും 15 മിനിട്ട് നേരവും മതി കേൾവി പോകാനെന്ന് തിരുവനന്തപുരം ജനറൽ ആശുപത്രി ഇഎൻടി വിദ​ഗ്ധൻ ഡോ. സൂൽഫി നൂഹു പറയുന്നു. 120 ഡെസിബെലിന് മുകളിലുള്ള ശബ്ദം ഒറ്റത്തവണ കേട്ടാൽ പോലും പെർമനന്റായി കേൾവി നഷ്ടപ്പെട്ടേക്കാമെന്നും അ​ദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ഹിയർ ഡബ്യുഎച്ച്ഒ

കേൾവിശക്തി അളക്കുന്നതിന് ലോകാരോ​ഗ്യ സംഘടന പുറത്തിറക്കിയ ആപ്പാണ് ഹിയർ ഡബ്യുഎച്ച്ഒ. ഡിജിറ്റ്-ഇൻ-നോയ്‌സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിർമിക്കപ്പെട്ട ഹിയർ ഡബ്ല്യുഎച്ച്ഒ ആപ്പ് നിങ്ങളുടെ മൊബൈലില്‍ ഇൻസ്റ്റാൾ ചെയ്യാവുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇയർഫോണുകൾ ഉപയോ​ഗിക്കുന്നവർ, ഉച്ചത്തിൽ ശബ്ദം കേൾക്കുന്നവർ, കേൾവിക്ക് ഹാനികരമായ മരുന്നുകൾ കഴിക്കുന്നവർ, 60 വയസിന് മുകളിലുള്ളവർ തുടങ്ങിയവർക്ക് ഹിയർ ഡബ്ല്യുഎച്ച്ഒ ഉപയോ​ഗിക്കാം.

ആളുകൾക്ക് അവരുടെ കേൾവിനില പരിശോധിക്കുന്നതിനും കാലക്രമേണ അത് നിരീക്ഷിക്കുന്നതിനും ഒരു ഹിയറിങ് സ്ക്രീനറിലേക്ക് ആപ്പ് ആക്സസ് നൽകുന്നു. വളരെ യൂസർ ഫ്രണ്ട്ലി ആപ്പ് കേൾവി നിലയുടെ വ്യക്തിഗത ട്രാക്ക് റെക്കോർഡ് സൂക്ഷിക്കുകയും ചെയ്യുന്നു. ശബ്ദത്തെ അളക്കാനും വഴിയുണ്ട്. ഡെസിബെല്‍ എക്‌സ്, നിയോഷ് സൗണ്ട് ലെവല്‍ മീറ്റര്‍, സൗണ്ട് മീറ്റർ ആന്റ് നോയ്‌സ് ഡിറ്റക്ടർ പോലുള്ള ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.