തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചതോടെ കേരളത്തിനും സമ്മര്‍ദ്ദമേറുന്നു. ആശമാരെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ലെങ്കിലും അതിനു സമാനമായി ഗ്രാറ്റ്വിറ്റിയും വിരമിക്കല്‍ സഹായവുമാണ് ആന്ധ്ര പ്രഖ്യാപിച്ചത്. കേരളത്തില്‍ പ്രതിഫലവും ഇന്‍ഷുറന്‍സുമൊഴികെ തൊഴിലാളികള്‍ക്കു സമാനമായിട്ടുള്ള മറ്റു ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ആനുകൂല്യം വര്‍ധിപ്പിക്കുന്നത് കേരളസര്‍ക്കാര്‍ പരിഗണിക്കേണ്ടിവരും
ഏറ്റവും മികച്ച പ്രതിഫലം കേരളത്തിലാണെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. നിയമനിര്‍വഹണത്തില്‍ ഗവേഷണം നടത്തുന്ന ബജറ്റ് ആന്‍ഡ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് (ബി.എല്‍.ആര്‍.) എന്ന സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച്, മികച്ച പ്രതിഫലമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് കേരളം. മാസം 10,000 രൂപ സംസ്ഥാന വിഹിതമുള്ള സിക്കിമിനാണ് ഒന്നാം സ്ഥാനം. അവിടെ 676 പേരേയുള്ളൂ. ആന്ധ്രയില്‍ കേന്ദ്രവിഹിതം ഉള്‍െപ്പടെ 10,000 രൂപയാണ് പ്രതിഫലം; 42,585 ആശ വര്‍ക്കര്‍മാരുണ്ട്. കേരളത്തില്‍ 26,448 പേരാണുള്ളത്.